ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിയും കേന്ദ്ര സർക്കാരും യാതൊന്നും ചെയ്തില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുകുമാരൻ നായർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശബരിമല പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു..
advertisement
കോൺഗ്രസിന് ഹിന്ദു വോട്ടുകളല്ല മറിച്ച് ന്യൂനപക്ഷ വോട്ടുകൾ മാത്രമാണ് വേണ്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് ബിജെപിയും കോൺഗ്രസും ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചത്. സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ, എൻഎസ്എസ് മാത്രമാണ് നാമജപ ഘോഷയാത്രകളുടെ രൂപത്തിൽ പ്രതിഷേധം നടത്തിയത്. അന്ന് കോൺഗ്രസും ബിജെപിയും അതിൽ പങ്കുചേർന്നില്ല. വിശ്വാസികൾ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ശേഷമാണ് അവർ ചേർന്നത്. ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരോ കോൺഗ്രസോ യാതൊന്നും ചെയ്തിട്ടില്ല.
സുപ്രീം കോടതി വിധി തങ്ങൾക്ക് എതിരായിരുന്നെങ്കിലും, എൽഡിഎഫ് സർക്കാർ സ്ത്രീ പ്രവേശനം നടപ്പിലാക്കിയില്ല. അവർക്ക് വേണമെങ്കിൽ അവർക്ക് അത് ചെയ്യാമായിരുന്നുവെന്നും എന്നാൽ പാരമ്പര്യങ്ങൾ അതേപടി നിലനിർത്തുകയാണ് എൽഡിഎഫ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുമെന്നും അതിനെതിരെ ഒന്നും ചെയ്യില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആണ് ഉറപ്പ് നൽകിയതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ബിന്ദു അമ്മിണിയെപ്പോലുള്ള ആക്ടിവിസ്റ്റുകൾ ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായിട്ടില്ലെന്നും സർക്കാർ, നിലപാട് തിരുത്തുമ്പോൾ അവരോട് സഹകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
