ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ് അന്നും ഇന്നും കോൺഗ്രസെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ എൻഎസ്എസിന് സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസിന് അതിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങളോട് പറഞ്ഞു.
എൻഎസ്എസ് എന്ത് തീരുമാനമെടുക്കണം എന്നുള്ളത് അവരുടെ ഇഷ്ടമാണ്. അത് കോൺഗ്രസ് അല്ല പറയണ്ടത്. എസ്എൻഡിപി മുൻപ് വോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ യുവതീ പ്രവേശനം വേണം എന്ന നിലപാടെടുത്തിരുന്നു. ഇപ്പോൾ ആ നിലപാട് അവർ മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാമെന്നും സതീശൻ പറഞ്ഞു.
advertisement
ആകാശം ഇടിഞ്ഞുവീണാലും സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണന്നും കേരളത്തിലെ സിപിഎം ഇപ്പോൾ എല്ലാ ജാതി-മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.