കെ.പി. സി. സി അധ്യക്ഷൻ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. എടക്കരയിൽ നിന്നും അന്തരിച്ച മുൻ മലപ്പുറം ഡി സി സി പ്രസിഡൻ്റ് വി വി പ്രകാശിൻ്റെ കുടുംബം യാത്രയുടെ ഭാഗമായി. വി വി പ്രകാശിൻ്റെ മക്കളെ രാഹുൽ ചേർത്ത് നിർത്തി. 9 കിലോമീറ്റർ പിന്നിട്ട് വഴിക്കടവ് മണിമൂളി ആണ് യാത്ര സമാപിച്ചത്.
advertisement
ഏറെ വൈകാതെ രാഹുൽ ഗൂഡല്ലൂർക്ക് തിരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന സമാപന സമ്മേളനത്തിൽ രാഹുൽ വികാരാധീനനായി ആണ് സംസാരിച്ചത് ." ഞാൻ ഇവിടെ ജനിച്ചവനല്ല, എന്നിട്ടും നിങ്ങളെന്നെ നെഞ്ചോടു ചേർത്തു. ഒരുപാടു സ്നേഹം തന്നു ,ബഹുമാനിച്ചു.മറക്കാൻ കഴിയുന്നതല്ല കഴിഞ്ഞ 19 ദിവസങ്ങളായി കേരളത്തിലൂടെയുള്ള യാത്ര. മതേതര മൂല്യങ്ങൾക്ക് എല്ലാ കാലത്തും മഹിമ കല്പിക്കുന്നതാണ് കേരളത്തിന്റെ സംസ്കാരം. ഭാരത് ജോഡോ യാത്രയിലുടനീളം അതു പ്രകടമായി. അമ്മമാരും കുഞ്ഞുങ്ങളും ആദിവാസികളും ദളിതരും യുവാക്കളും വിദ്യാർഥികളുമൊക്കെ ജാഥയിൽ അണിനിരന്നു. അവരെല്ലാം ആഗ്രഹിക്കുന്നത് മതേതര ഭാരതത്തിന്റെ നിലനില്പാണ്. ആ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടു വയ്പുകളാണ് ഈ യാത്രയിൽ പങ്കെടുത്ത ഓരോരുത്തരും നടത്തിയത്. ഹൃദയം നിറഞ്ഞ നന്ദി, എന്റെ രണ്ടാം വീട്ടിലെ കുടുംബാംഗങ്ങളോട്".
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ സമാപന സമ്മേളനം നിലമ്പൂരിൽ വലിയ രീതിയിൽ നടത്താൻ നിശ്ചയിച്ചത് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11നാണ് കേരളത്തിൽ പ്രവേശിച്ചത്. 19 ദിവസത്തിനുള്ളിൽ കേരളത്തിൽ 450 കിലോമീറ്റർ സഞ്ചരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലൂടെ യാത്ര കടന്നു പോയി. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടായിരുന്നു. ആവേശജ്ജ്വലമായ സ്വീകരണങ്ങളാണ് രാഹുൽ ഗാന്ധിക്ക് യാത്രയിലൂട നീളം ലഭിച്ചത്.
Also Read-മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയെ ടെട്രാ ട്രക്ക് അഴിമതിക്കേസിൽ ഡൽഹി കോടതി വിസ്തരിച്ചു
യാത്ര കേരളം പിന്നിടുമ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിചിട്ടുണ്ട് എന്നും യാത്രയിലെ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവാണ് എന്നും നേതൃത്വം വിശദീകരിക്കുന്നു. ബിജെപിക്കെതിരെ തുറന്നടിച്ചാണ് രാഹുൽ യാത്രയിൽ ഉടനീളം സംസാരിക്കുന്നത്. പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെ രാഹുൽ മൗനം പാലിക്കുന്നുണ്ടെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശക്തമായാണ് പ്രതിരോധിക്കുന്നത്.
കേരളത്തിലെ കോൺഗ്രസിന് പുതിയ ഉണർവ് നൽകാൻ യാത്രയ്ക്ക് കഴിഞ്ഞുവെന്ന് നേതാക്കൾ പറയുന്നു കന്യാകുമാരി മുതൽ നിലമ്പൂർ വഴിക്കടവ് വരെയുള്ള 490 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞു. ആകെ 3571 കിലോമീറ്റർ ദൂരമാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയില് നടക്കുന്നത്.