രണ്ടാഴ്ചയ്ക്ക് മുന്നെ കൊച്ചി തീരത്തോട് ചേർന്ന് കപ്പൽ മുങ്ങിയ സംഭവത്തിൽ എംഎസ്സി എല്‍സ-3 എന്ന കുത്തക കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണ്. ഗുരുതരമായുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ ഇടയുള്ള രീതിയിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ കലരുകയും തീരത്തോട് ചേര്‍ന്ന് കടലില്‍ മുങ്ങിപ്പോവുകയും ചെയ്തിരിക്കുകയാണ്. വിഷയത്തിൽ തുടക്കം മുതൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. സർക്കാരിന്റെ ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് സമരമുഖത്തേക്ക് ഇറങ്ങുമെന്നും സണ്ണി ജോസഫി വ്യക്തമാക്കി.
advertisement
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥനും ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതരമായ വീഴ്ചയും കൊടും ചതിയുമാണ്. അദാനിയുമായി അടുത്ത ബന്ധമുള്ള കപ്പല്‍ കമ്പനിക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണോ ഇതെന്ന് സംശയിക്കേണ്ടിയുണ്ടെന്നും സണ്ണി ജോസഫ് ആരോപണം ഉന്നയിച്ചു.
കമ്പനിയെ രക്ഷിച്ചെടുത്ത് നഷ്ടപരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നീടാക്കാം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമായിരിക്കുകയാണ്. കേരള തീരം സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാരിന് ഒരു ഉറപ്പുമില്ല.
കപ്പലിലെ ചരക്കുകളിലും കണ്ടെയ്നറുകളിലും എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍.പ്രതാപന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാരിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.