കൊല്ലം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഇതേ കേസിൽ സരിത എസ് നായർക്ക് സമൻസ് നൽകുമെന്നും കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. ഒക്ടോബർ 18ന് ഗണേഷ് കുമാർ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അഭിഭാഷകരായ മാവേലിക്കര ശ്രീകുമാറും റോഷനുമാണ് ഹർജിക്കാരന് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായത്.
സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നും ചൂണ്ടികാട്ടി 2017 ലാണ് കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
advertisement
കെ ബി ഗണേഷ് കുമാറിനെയും പരാതിക്കാരിയെയും പ്രതിയാക്കിയായിരുന്നു സുധീർ ജേക്കബ് കേസ് നൽകിയത്. കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക വാദം കേട്ട കോടതി പ്രഥമ ദൃഷ്ട്യ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടയിൽ കേസിന്റെ തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേയുടെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതോടെയാണ് കോടതി ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്.
കേസിൽ സ്റ്റേ ഒഴിവാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഹർജിക്കാരനായ സുധീർ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് യുഡിഎഫിന്‍റെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. കേസിൽ ശക്തമായി മുന്നോട്ടുപോകാനാണ് നിർദേശം. യുഡിഎഫ് കൺവീനർ ഇന്ന് രാവിലെയും വിളിച്ചുിരുന്നതായി അഡ്വ. സുധീർ ജേക്കബ് പറഞ്ഞു.
കേസിൽ മൊഴി നൽകാൻ കൊട്ടാരക്കര കോടതിയിൽ എത്തിയപ്പോൾ സത്യം വിജയിക്കുമെന്നാണ് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് സഫലീകൃതമാകാനും, പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാനും ഏതറ്റം വരെയും പോരാടുമെന്ന് അഡ്വ. സുധീർ ജേക്കബ് പറഞ്ഞു.