സുഹൃത്ത് കൂടിയായ ഗണേഷ് ദൈവമാണെന്നാണ് രക്ഷപ്പെട്ടതിന് പിന്നാലെ ശങ്കർ ആദ്യം പറഞ്ഞത്. ഇരുവരും 20 വർഷമായി ഒരേ മേഖലയിൽ ജോലി നോക്കുന്നവരാണ്. കൂട്ടുകാർ മാത്രമല്ല, കുടുംബാംഗങ്ങളെ പോലെ കഴിയുന്നവരുമാണ്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ നിലയിൽ നിന്ന് ശങ്കർ വീണത്. കോൺക്രീറ്റിന് താങ്ങ് കൊടുത്ത മുട്ട് ഇളക്കിക്കൊണ്ടിരിക്കെ കയ്യിൽ നിന്ന് വഴുതിപോവുകയും നിലതെറ്റി താഴേക്ക് പതിക്കുകയുമായിരുന്നു. എന്നാൽ ഈ സമയം മുകളിലേക്ക് ശ്രദ്ധാപൂർവം നോക്കിനിന്ന ഗണേഷ് കൂട്ടുകാരൻ താഴേക്ക് പതിക്കുമ്പോൾ കൈവിടർത്തി തറയിലേക്ക് വീഴാതെ പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതില്‍ പ്രചരിച്ചു. ഒട്ടേറെ പേരാണ് ഗണേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
advertisement
ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം അനുഭവമെന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ട ശങ്കർ പറഞ്ഞത്. എന്നാൽ വീഴുന്നത് കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും രണ്ടുംകല്‍പ്പിച്ച് പിടിക്കുകയായിരുന്നുവെന്നും ഗണേഷ് പറഞ്ഞു. സഭവത്തിൽ കാര്യമായ പരിക്ക് രണ്ടുപേർക്കുമില്ല. ഭാരം എടുക്കാന്‍ പാടില്ലെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആ സമയം അതൊക്കെ മറന്നുപോയെന്ന് ഗണേഷ് പറയുന്നു.