കുറച്ചു മുമ്പാണ് കെഎസ്ആർടിസി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബജറ്റ് ടൂറിസം യാത്ര ആരംഭിച്ചത്. സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രകൾക്കടക്കം കെഎസ്ആർടിസി ബസ് തിരഞ്ഞെടുക്കുന്ന പ്രവണത ഉണ്ടായി. ഇത് പെട്ടെന്ന് ഹിറ്റുമായി.
ബജറ്റ് ടൂറിസം അവതരിപ്പിച്ചതോടെ കെഎസ്ആർടിസി വൻ ലാഭമാണ് കൊയ്തത്. 2024 ഡിസംബറിൽ മാത്രം ബജറ്റ് ടൂറിസം സേവനങ്ങളിൽ നിന്ന് 4.5 കോടി രൂപയാണ് കെഎസ്ആർടിസി വരുമാനമുണ്ടാക്കിയത്. പ്രതിമാസ ശരാശരി കളക്ഷൻ 1.5 കോടി രൂപയായിരുന്നു. കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2021ൽ ആരംഭിച്ച പദ്ധതിക്ക് ശേഷം ഒരു മാസത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന തുക കൂടിയാണിതെന്നതും ശ്രദ്ധേയം. ചാർട്ടേഡ് സർവീസുകൾ കൂടാതെ കെഎസ്ആർടിസി സ്കീമിന് കീഴിൽ 1,500 പാക്കേജുകൾ നടത്തുന്നു. തീർത്ഥാടന കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ എന്നിവയിലേക്കുള്ള യാത്രകളും ഈ പാക്കേജിൽ ഉൾപ്പെടും
advertisement
കഴിഞ്ഞ കർക്കിടക മാസത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം നടത്തിയ നാലമ്പലയാത്രയിൽ റെക്കോർഡ് വരുമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കർക്കടകത്തിൽ കൊല്ലം ജില്ലയിലെ എട്ട് ഡിപ്പോകളിൽ നിന്നായി 36 ട്രിപ്പുകളാണ് സർവീസ് നടത്തിയത്. അതിന് മുൻപത്തെ വർഷം 16 ട്രിപ്പുകളിൽ നിന്ന് 4,16,000 രൂപ സമാഹരിച്ചപ്പോൾ കഴിഞ്ഞ കർക്കിടകത്തിൽ 36 ട്രിപ്പുകളിൽ നിന്ന് 11,06,000 രൂപയായിരുന്നു വരുമാനം നേടിയത്. ഇത്തരത്തിൽ കർക്കിടക മാസത്തിൽ മാത്രം കെഎസ്ആർടി മികച്ച ലാഭമുണ്ടാക്കി.
എന്നാൽ കെഎസ്ആർടിസിയിൽ വിനോദയാത്ര പോയി ആളുകൾ ദുരിതത്തിലാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ ഗവിയിലേക്ക് യാത്ര പോയ സംഘം പെരുവഴിയിൽ പെട്ടു. 36 സീറ്റ് മാത്രമുള്ള ബസ്സിൽ 96 പേരെ കുത്തിനിറച്ചാണ് യാത്ര പോയതെന്നും റിപ്പോർട്ട് ഉണ്ട്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അറുപതോളം ആളുകൾ ബസിൽ നിന്നാണ് യാത്ര ചെയ്തത്. അതിനിടെയാണ് ബസിന്റെ സ്പ്രിങ് ജാക്കറ്റ് ഒടിഞ്ഞതിനെ തുടർന്ന് മൊബൈലിന് റേഞ്ച് പോലും ലഭിക്കാത്ത വനത്തിൽ യാത്രക്കാർ ഒറ്റപ്പെട്ടു. തുടർന്ന് ജീവനക്കാർ റേഞ്ച് ഉള്ള ഭാഗത്ത് എത്തി പത്തനംതിട്ട, കുമളി കെഎസ്ആർടിസി ഡിപ്പോകളിലേക്ക് വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ വർഷവും സമാന സംഭവം ഉണ്ടായി. കെഎസ്ആർടിസി ജംഗിൾ സർവീസിൽ കൊരട്ടിയിൽ നിന്നും മൂന്നാറിലേക്ക് യാത്ര പോയ സംഘം ബസ് തകരാറിലായതിനെ തുടർന്ന് പെരുവഴിയിൽ കുടുങ്ങിയത് 10 മണിക്കൂറോളമാണ്. പകരം വണ്ടിയെത്തിയത് രാത്രി 12മണിക്കും. ഇതോടെ വയോധികരും കുട്ടികളും ഉൾപ്പെടുന്ന 45 അംഗ സംഘം നീണ്ട മണിക്കൂറുകൾ വെള്ളവും ഭക്ഷണവുമില്ലാതെ വഴിയിൽ കുടുങ്ങി. അന്ന് സമീപപ്രദേശത്തുള്ള നാട്ടുകാരാണ് ഇവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ചത്. കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിൽ നിന്നുള്ള ബസിലായിരുന്നു സംഘത്തിന്റെ യാത്ര. അതേസമയം ഇന്ന് അപകടത്തിൽപ്പെട്ടത് കൊട്ടാരക്കര ഡിപ്പോയിലെ വണ്ടിയാണ്.
കെഎസ്ആർടിസിയിൽ യാത്ര പോകുന്നവർക്ക് തുടരെ ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ കെഎസ്ആർടിസി ബജറ്റ് ഉല്ലാസയാത്രയ്ക്ക് തിരിച്ചടിയാകുമോ എന്നതാണ് ചോദ്യം. ബസ് തകരാറിലാകൽ പോലുള്ള പ്രശ്നങ്ങൾ മുൻകൂട്ടികണ്ട് കെഎസ്ആർടിസി സഞ്ചാരികളുടെ യാത്ര സുരക്ഷിതവും സുഗമമവുമാക്കാനായി എന്ത് നടപടി സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.