മുൻ ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ സി ദിവാകരനാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി. മാവേലിക്കരയിൽ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ നിശ്ചയിച്ചു. തൃശൂരിൽ മുൻ എംഎൽഎയും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസാണ് സ്ഥാനാർത്ഥി. വയനാട് മണ്ഡലത്തിൽ മുൻ ജില്ലാ സെക്രട്ടറി പി പി സുനീർ മത്സരിക്കും.
കാനം രാജേന്ദ്രൻ, സി ദിവാകരൻ, ജി ആർ അനിൽ എന്നീ പേരുകൾ ഉൾപ്പെടുത്തിയ പട്ടികയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയത്. എന്നാൽ താൻ മത്സര രംഗത്തില്ലെന്ന് യോഗത്തിന്‍റെ തുടക്കത്തിൽ തന്നെ കാനം നിലപാട് വ്യക്തമാക്കിയതോടെ സി ദിവാകരന് നറുക്ക് വീഴുകയായിരുന്നു. മത്സരിക്കാന്‍ ദിവാകരന്‍ നേരത്തെ തന്നെ പാർട്ടിയെ സന്നദ്ധത അറിയിച്ചു. പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ നേരത്തെ അച്ചടക്ക നടപടിക്ക് ദിവാകരൻ വിധേയനായിരുന്നു.
advertisement
മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ പേരിനായിരുന്നു ആദ്യംമുതലേ മുൻതൂക്കം. മൂന്നു ജില്ലകളിലായാണ് മാവേലിക്കര മണ്ഡലം വ്യാപിച്ചുകിടക്കുന്നത്. മൂന്ന് ജില്ലാ കൗണ്‍സിലുകളുടെ പട്ടികയിലും ചിറ്റയത്തിനായിരുന്നു പ്രഥമ പരിഗണന. തൃശൂരിൽ സിറ്റിംഗ് എംപി സിഎൻ ജയദേവൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ലോക്സഭയിലെ സിപിഐയുടെ ഏക എംപിയായിരുന്നു ജയദേവൻ. ജയദേവൻ കഴിഞ്ഞാൽ മുൻ റവന്യൂമന്ത്രി കെ പി രാജേന്ദ്രനായിരുന്നു സാധ്യത. മൂന്നാം പേരുകാരനായിട്ടായിരുന്നു രാജാജിയുടെ പേര് പട്ടികയില്‍ ഉൾപ്പെട്ടത്. എന്നാൽ എക്സിക്യൂട്ടീവ് യോഗത്തിൽ രാജാജിയുടെ പേരിന് മുൻതൂക്കം ലഭിക്കുകയായിരുന്നു.
മുൻ വയനാട് ജില്ലാ സെക്രട്ടറിയാണ് പി പി സുനീർ. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചിട്ടുമുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സംഘടനാ രംഗത്ത് സജീവമായ സുനീറിന് വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളിലും സ്വാധീനമുണ്ടാക്കാനാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.