തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളെക്കുറിച്ച് കത്തെഴുതാൻ സിപിഐ ജനങ്ങൾക്ക് അവസരമൊരുക്കുന്നു. സാധാരണ ഗതിയിൽ പരാജയകാരണങ്ങളെക്കുറിച്ച് പാർട്ടി നേരിട്ടോ പാർട്ടി നിയോഗിക്കുന്ന സമിതികളോ ആണ് ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
എന്നാൽ ഇത്തവണ ചുവടൊന്ന് മാറ്റി പിടിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാന പാർട്ടിയായ സിപിഐ. തിരഞ്ഞെടുപ്പിലെ സിപിഐയുടെയും എൽഡിഎഫിന്റെയും പരാജയ കാരണങ്ങൾ എന്തൊക്കെയെന്ന് വിലയിരുത്തി പൊതുജനങ്ങൾക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാം.
advertisement
സെക്രട്ടറി, സിപിഐ സംസ്ഥാന കൗൺസിൽ, എം.എൻ. സ്മാരകം, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് കത്തയയ്ക്കേണ്ടത്. office@cpikerala.org എന്ന ഈമെയിൽ വിലാസത്തിലേക്കും കത്തയയ്ക്കാം
കത്തിലെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് തിരുത്താൻ തയ്യാറാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരിക്കുന്നത്. ജനവിധി അംഗീകരിക്കുന്നു എന്നു പറഞ്ഞ ബിനോയ് വിശ്വം തെറ്റുതിരുത്തി കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും കൂട്ടിച്ചേർത്തു.
