ജൂണ്‍ 13,14,15 തീയതികളിലായി കോട്ടയത്തിന് സമീപം പാക്കിലില്‍ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് പോസ്റ്റര്‍ തയാറാക്കിയത്. ദേശീയ പതാകയേന്തി, ത്രിവര്‍ണ നിറത്തിലുള്ള സാരിയും ധരിച്ച് അനുഗ്രഹ മുദ്രയോടെ നില്‍ക്കുന്ന ഭാവത്തിലുള്ളതാണ് പോസ്റ്ററിലെ ഭാരതാംബ.
അതേസമയം, സിപിഐ പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി ഭാരത മാതാവിൻ്റെ ചിത്രം അടങ്ങിയ പോസ്റ്റർ രൂപകല്പന ചെയ്യാൻ തയ്യാറായ കോട്ടയം ജില്ലാ നേതൃത്വത്തെയും നേതാക്കളെയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് എൻ ഹരി പ്രതികരിച്ചു. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ചതിന് പരിസ്ഥിതി ചടങ്ങ് ബഹിഷ്കരിച്ച് വിവാദമാക്കിയ പാർട്ടി നേതാക്കൾക്കുള്ള മറുപടിയാണ് ഇതെന്ന് വിശ്വസിക്കുന്നു. ദേശീയതയും ദേശീയ യുടെ മുഖമായ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സും തിരിച്ചറിവുമാണ് അക്ഷരനഗരിയായ കോട്ടയത്ത് കണ്ടത്.ഇത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി കാണുന്നുവെന്നും ഹരി പറഞ്ഞു.
advertisement
രാജ് ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ പറഞ്ഞത് കാവി കൊടിയേന്തിയ ഭാരത മാതാവ് ആയതിനാൽ എന്ന അർത്ഥത്തിലാണ്. ദിവസങ്ങൾക്ക് ശേഷം കോട്ടയത്ത് ത്രിവർണ്ണ പതാകയുമായി ഭാരതാംബ സിപിഐ പോസ്റ്ററിൽ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ഒരു പോസ്റ്റർ പിൻവലിച്ച് പത്രമാധ്യമങ്ങളോട് വിശദീകരണ കുറിപ്പ് കൊടുക്കേണ്ട ഗതികേട് പാർട്ടിക്ക് ഉണ്ടായി എന്നതിലാണ് ഖേദം. എങ്കിലും അത്തരത്തിലുള്ള ചിത്രം ഉൾക്കൊള്ളാൻ വിശാലമായ മനസ്സ് പാർട്ടി നേതാക്കൾക്കുണ്ടായതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു- ഹരി പറഞ്ഞു.
അതേസമയം, ഭാരതാംബയുടെ ചിത്രം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കരുത് എന്നതാണ് നിലപാടെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പ്രതികരിച്ചു. ഇക്കാര്യത്തിൽ ഉണ്ടായത് അനാവശ്യ വിവാദം. പാർട്ടി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പോസ്റ്റർ അല്ല പുറത്ത് വന്നത്. പാർട്ടി ഗ്രൂപ്പിൽ വന്നപ്പോൾ തന്നെ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകി. സംസ്ഥാന തലത്തിൽ ഉണ്ടായ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും വി ബി ബിനു പറഞ്ഞു.