'കേരളത്തിലെ രാഷ്ട്രീയത്തിൽ എന്നും യുദ്ധ പ്രഖ്യാപനങ്ങളാണ്. പുതിയ തലമുറ അത് ആഗ്രഹിക്കുന്നില്ല. ഇങ്ങനെ പോയാൽ കേരളം പുറകോട്ട് പോകും. മാറ്റത്തിനൊപ്പം സഞ്ചരിക്കുക എന്ന മാനസികമായ മാറ്റം ഉൾക്കൊണ്ടാണ് ബിജെപിയിൽ ചേർന്നത്'- റെജി ലൂക്കോസ് പറഞ്ഞു.
ഇതും വായിക്കുക: ചാനൽ ചർച്ചയിലൂടെ ശ്രദ്ധേയനായ സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
ശരിയെന്ന് തോന്നിയപ്പോൾ പെട്ടെന്ന് അതിലേക്ക് മാറി. സിപിഎമ്മിൽ അംഗത്വം എടുത്തിട്ട് ഏഴ് വർഷമേ ആയിട്ടുള്ളൂ. ജീവിതംകൊണ്ട് സെക്കുലറായിട്ട് ജീവിക്കുന്ന ആളാണ് ഞാൻ. ബിജെപിയിലായിരിക്കുമ്പോഴും അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പുരോഗമന ആശയമുള്ള കേരളത്തിലെ സിപിഎം കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ജനങ്ങളുടെ മുന്നിലേക്ക് വെക്കുന്നത് എന്താണ്. വർഗീയതയ്‌ക്കെതിരായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് എന്നെ പോലെയുള്ളവർ ആ പാർട്ടിക്കൊപ്പം ചേർന്നിരുന്നത്. എന്നാൽ സമീപകാലത്ത് സിപിഎമ്മിന് നയവ്യതിയാനമാണ്. വർഗീയതയെ പിന്തുണയ്ക്കുന്നു. കുറച്ചുനാളുകളായി ഇത് മനസ്സിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. ശബരിമല പോലൊരു സ്ഥാപനത്തിൽ കൊള്ള നടത്തിയിട്ട് നടപടിയെടുത്തിയില്ലെന്നും റെജി ലൂക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പഴകി ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാൽ നമ്മുടെ നാട് ഒരു വൃദ്ധസദനമായി മാറും. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയങ്ങളും എന്നെ കുറേ നാളുകളായി സ്വാധീനിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അവിടുത്തെ വികസനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിൽ വികസനം ഇല്ലെന്ന് പറയുന്നില്ല. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇനി ബിജെപിയുടെ ശബ്ദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
