ലളിത ജീവിതം നയിക്കണമെന്ന സിപിഎം നിബന്ധന സി ഐ ടി യു നേതാക്കൾക്കും ബാധകമാണെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി. പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ.
നേരത്തെ ടോയോട്ട ഫോർച്യൂണർ, ഇന്നോവ തുടങ്ങിയ വാഹനങ്ങൾ അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അടുത്തിടെ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കാറാണ് അനിൽകുമാറിനെ വീണ്ടും വിവാദത്തിാക്കിയത്. വാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
advertisement
അതിനിടെ സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനെ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്നു നീക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അനിൽ കുമാറുമായി ബന്ധപ്പെട്ടുള്ള മിനി കൂപ്പർ വിവാദത്തിന് പിന്നാലെയാണ് സി എൻ മോഹനനെതിരെയും നടപടി. ജില്ലാ സെക്രട്ടറി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഭാരവാഹിയാകേണ്ടെന്നാണ് ഇതേക്കുറിച്ച് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സംഘടനപരമായ വീഴ്ച പറ്റിയെന്ന് സിപിഎം ജില്ലാ നേതൃയോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ ഘടകം ശരിവച്ചു. തൃക്കാക്കരയിൽ ദുഷ്പ്രവണതകൾ കണ്ടു. മേലിൽ ദുഷ്പ്രവണതകൾ ഉണ്ടാകരുതെന്ന് ജില്ലാ നേതൃത്തോട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് നേതൃത്വം. തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും നടപടിയെടുക്കേണ്ടെന്ന് യോഗത്തിൽ തീരുമാനമായി.