കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ, തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ട് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ ഉൾപ്പടെ പരാതിപ്പെടുകയായിരുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഷൈൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു കോൺഗ്രസ് നേതാവും വിളിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഇതും വായിക്കുക: 'അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും': വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ
സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും കെ ജെ ഷൈന്‍ പറഞ്ഞു. അപവാദ പ്രചാരണം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസം മുമ്പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
'രണ്ട് മൂന്ന് ദിവസം മുമ്പ് കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക നേതാവ് എന്നോട് പറഞ്ഞു, ടീച്ചറേ ഒരു ബോംബ് വരുന്നുണ്ടെന്ന്. ധൈര്യമായിട്ട് ഇരുന്നോളണം, എന്തു കേട്ടാലും വിഷമിക്കരുതെന്നും പറഞ്ഞു. ടീച്ചറേയും ഒരു എംഎല്‍എയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നും അറിയിച്ചു. അതിനു ശേഷമാണ് ഈ പ്രചരണം വരുന്നത്. ആദ്യം തിരിച്ചറിയാന്‍ പറ്റാത്ത ഒരു പോസ്റ്ററാണ് വന്നത്. ഭര്‍ത്താവ് പരാതി കൊടുക്കാന്‍ പറഞ്ഞു, പേരും വിവരങ്ങളും ഒന്നുമില്ലാത്തത് കൊണ്ട് അന്ന് പരാതി നല്‍കിയില്ല' കെ ജെ ഷൈന്‍ പറഞ്ഞു.
ഇതും വായിക്കുക: ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
സ്ത്രീവിരുദ്ധമായ മൂല്യബോധവും സ്ത്രീകളെ കുറിച്ച് ലൈംഗികമായി അപവാദം പറഞ്ഞാല്‍ കിട്ടുന്ന ആത്മരതിയും കിട്ടുന്ന കുറച്ച് ആളുകളുണ്ടെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ ഭാര്യയുടെ പ്രസവത്തെത്തുടര്‍ന്നുള്ള തിരക്കിലായിരുന്നു താന്‍ കുറച്ച് ദിവസമായിട്ട്. ഇതിനിടയിലാണ് തന്റെ ചിത്രംവെച്ചുള്ള പ്രചാരണങ്ങളും വരുന്നതെന്നും അവര്‍ പറഞ്ഞു. താന്‍ നല്‍കിയ പരാതിയില്‍ പോലീസ് വിവരങ്ങള്‍ തേടിയിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
'വലതുപക്ഷ രാഷ്ട്രീയത്തില്‍നിന്നാണ് ഈ പ്രചാരണം വന്നതെന്ന് ഉറപ്പാണ്. പരാതി നല്‍കിയിട്ടുണ്ട്. എസ്പി ഓഫീസില്‍നിന്ന് ഇന്നലെ വിളിച്ച് വിവരങ്ങള്‍ എടുത്തിട്ടുണ്ട്. വെറുതെയിരിക്കില്ല. സ്ത്രീകള്‍ ഇനിയും പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാല്‍ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നല്‍കണം. മനോവൈകൃതം ബാധിച്ച ഒരു പ്രായമുണ്ട്. നേര്‍വഴിക്ക് നടത്താന്‍ ആരുമില്ലാത്ത ചിലയാളുകള്‍ യൂട്യൂബ് ചാനലില്‍ വന്നിരുന്നത് എന്തെല്ലാമാണ് പറയുന്നത്. ഇത്തരക്കാരെ വെറുതെവിടില്ല' കെ ജെ ഷൈന്‍ പറഞ്ഞു.