തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയ പണി അവസാനിപ്പിക്കും എന്ന വീരവാദവും എല്ലായ്‌പ്പോഴും അട്ടഹാസത്തോടെ മുഴക്കുന്ന് ഒരാളാണ് സുധാകരനെന്നുംഇത്തവണയും പതിവുപോലെ ആ കലാപരിപാടി വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയെന്നും ജയരാജന്‍ കുറിച്ചു. കെ സുധാകരന്റെ വാക്കിന് പഴയ ചാക്കിന്റെ വിലയാണെന്നും അദ്ദേഹം പറഞ്ഞു.
എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
advertisement
തടിമിടുക്കും അട്ടഹാസവും വീരവാദവും
കെപിസിസി പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നേരെ അട്ടഹാസവും വീരവാദം മുഴക്കലുമായിരുന്നു.ചാനലുകളിലൂടെ അത് കണ്ട മലയാളികള്‍ പല മഹാന്മാരും ഇരുന്ന കെപിസിസി പ്രസിഡന്റ് പദവിയില്‍ ഒരിക്കലും ഇരിക്കാന്‍ യോഗ്യത ഇല്ലാത്ത ഒരാളായി മാത്രമെ കെ.സുധാകരനെ വിലയിരുത്തുകയുള്ളൂ. 'ഓഫ് ദി റിക്കാര്‍ഡ്' ആയി മനോരമ ലേഖകനോട് പറഞ്ഞത് ലേഖകന്‍ 'ഓണ്‍ ദി റിക്കാര്‍ഡാക്കി' പ്രസിദ്ധീകരിച്ചു. അതില്‍ സുധാകരന് കോപം ഉണ്ടാകുന്നത് സ്വാഭാവികം. അഭിമുഖം നടത്തിയ റിപ്പോര്‍ട്ടറോട് അതിന് കയര്‍ക്കുന്നതിന് പകരം എറണാകുളം പ്രസ് ക്ലബ്ബിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടേയും മേക്കിട്ട് കയറിയത് എന്തിനാണ്?.
ബ്രണ്ണന്‍ കോളേജില്‍വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തി എന്ന പൊയ് വെടിയും പൊങ്ങച്ചവും പരാജയപ്പെട്ടപ്പോഴാണ് മുന്‍ ആര്‍എസ്എസുകാരനും ഇപ്പോള്‍ കോണ്‍ഗ്രസുകാരനുമായ കണ്ടോത്ത് ഗോപിയെ എറണാകുളം വരെ എത്തിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. അടിയന്തിരാവസ്ഥാകാലത്ത് തന്നെ വെട്ടി എന്ന് മുഖ്യമന്ത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചതും പാളിപ്പോയി. ദിനേശ് ബീഡി കമ്പനി കത്തിച്ച കേസിലെ പ്രതിയായിരുന്നു ഗോപി. അന്ന് കേരളം ഭരിച്ചത് കോണ്‍ഗ്രസും. എന്നിട്ടും വെട്ടിയതിന് കേസില്ല. പോലീസ് ആണെങ്കില്‍ എംഎല്‍എ ആയിരുന്നിട്ടും പിണറായി വിജയന്റെ കാലിന്റെ ചിരട്ട പൊട്ടും വരെ ഭീകരമായി മര്‍ദ്ദിച്ച കാലമായിരുന്നു അടിയന്തരാവസ്ഥാക്കാലം. എന്നിട്ടും വാള്‍ കൊണ്ട് ഗോപിയെ വെട്ടിയ ആളെ വെറുതെ വിടുകയോ?.
തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാഷ്ട്രീയ പണി അവസാനിപ്പിക്കും എന്ന വീരവാദം എല്ലായ്‌പ്പോഴും അട്ടഹാസത്തോടെ മുഴക്കുന്ന ഒരാളാണ് സുധാകരന്‍. പതിവു പോലെ ഇത്തവണയും ആ കലാപരിപാടി വാര്‍ത്താസമ്മേളനത്തിലൂടെ നടത്തി. ആരോപണം ഉന്നയിച്ചത് പി.രാമകൃഷ്ണന്‍ മുതല്‍ മമ്പറം ദിവാകരന്‍ വരെയുള്ള കോണ്‍ഗ്രസുകരാണ്. അതുകൊണ്ട് തന്നെ അന്വേഷിക്കേണ്ടത് എ.ഐ.സി.സി യോ കെ.പി.സി.സി യോ ആണ്. സുധാകരന്റെ വെല്ലുവിളി ഹൈക്കമാന്‍ഡ് സ്വീകരിക്കുമോ?.
രണ്ടു കൊലപാതകങ്ങള്‍ നടത്തിയത് സംബന്ധിച്ച് കെ.സുധാകരന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സേവറി നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസിന്റെ കൈപ്പിഴയാണെന്നും കോണ്‍ഗ്രസ് നടത്തിയ ഏക കൊലപാതകം ആണെന്നും അക്രമികളെ വെടി വച്ചപ്പോള്‍ അങ്ങകലെ മാറി നില്‍ക്കുകയായിരുന്ന നാല്‍പ്പാടി വാസുവിന് വെടിയേല്‍ക്കുകയായിരുന്നു എന്നുമുള്ള വെളിപ്പെടുത്തല്‍ രണ്ടു കൊലപാതകങ്ങളിലും സുധാകരന്റെ അറിവും പങ്കും ജനങ്ങളെ ബോധ്യപ്പെടുത്തി.
സുധാകരന്‍ ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ കൊലപാതകങ്ങളില്‍ സുധാകരന്റെ പങ്ക് ബലപ്പെടുത്തുന്നു. നാല്‍പ്പാടി വാസു കൊലക്കേസിലും ഇ.പി.ജയരാജന്‍ വധശ്രമക്കേസിലും എഫ്.ഐ.ആര്‍ പ്രകാരം കേസില്‍ പ്രതിയാണ്. ഇതൊക്കെ തെളിവുകള്‍ ആണ്. ഈ തെളിയികള്‍ പോരെ രാഷ്ട്രീയ പണി അവസാനിപ്പിക്കാന്‍?. സുധാകരന്റെ വാക്കിന് പഴയ ചാക്കിന്റെ വിലയാണ്. അതുകൊണ്ട് തന്നെ കെപിസിസി പ്രസിഡന്റിന്റെ അട്ടഹാസവും വീരവാദവും ഇനിയും മലയാളികള്‍ സഹിക്കേണ്ടി വരും.