അത്താണിയിൽ ജീപ്പ് ഓടിച്ചിരുന്ന അരവിന്ദാക്ഷൻ 2004ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ എ സി മൊയ്തീൻ നിയമസഭയിലേക്ക് വിജയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഡ്രൈവറായി നിയമിതനാകുന്നത്. 2005ൽ മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗമായ ശേഷം സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായി.\
മികച്ച സംഘാടകനെന്ന് പേരുനേടിയ അരവിന്ദാക്ഷന്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് നേതാക്കളെ സിപിഎമ്മിലേക്ക് എത്തിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ഇടപാടുണ്ടെന്ന ആരോപണവും അരവിന്ദാക്ഷനെതിരേ ശക്തമായിരുന്നു.
advertisement
കുരുക്കായത് അക്കൗണ്ടിലേക്ക് പണമെത്തിയത്
കണ്ണൂരിൽനിന്ന് തൃശൂരിലെത്തി വടക്കാഞ്ചേരിയോട് ചേർന്ന വെളപ്പായയിൽ താമസമാക്കിയ സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളിൽ അരവിന്ദാക്ഷനും പങ്കുണ്ടെന്നാണ് ഇ ഡി പറയുന്നത്. സതീഷ് കുമാർ അടക്കമുള്ളവരുമായി ചേർന്ന് അരവിന്ദാക്ഷൻ ഹോട്ടൽ വ്യവസായം ആരംഭിച്ചത് സംബന്ധിച്ച ടെലിഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
അരവിന്ദാക്ഷന് ഭാര്യവീട് ജപ്തിയായപ്പോൾ 70 ലക്ഷം രൂപ നൽകി സഹായിച്ചത് സതീഷ് കുമാർ ആയിരുന്നു. ഇതിന്റെ രേഖകൾ കാണിച്ചുള്ള ചോദ്യത്തിന് അരവിന്ദാക്ഷൻ മറുപടി നൽകിയില്ലെന്ന് ഇ ഡി വൃത്തങ്ങൾ പറയുന്നു.
സതീഷ് കുമാറിനുവേണ്ടി അരവിന്ദാക്ഷൻ പലപ്പോഴും ഇടപാടുകൾ നടത്തിയതായും പറയുന്നു. എം കെ കണ്ണൻ ചെയർമാനായ തൃശൂർ സർവിസ് സഹകരണ ബാങ്കിലെ സതീഷ് കുമാറിന്റെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് അരവിന്ദാക്ഷനിൽ നിന്നായിരുന്നു. അരവിന്ദാക്ഷനെയും തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ചോദ്യംചെയ്തോടെയാണ് എം കെ കണ്ണന്റെ ബാങ്ക് കേന്ദ്രീകരിച്ചുള്ള സതീഷ് കുമാറിന്റെ ഇടപാട് വിവരങ്ങളുടെ തെളിവുകൾ ഇ ഡിക്ക് ലഭിച്ചത്.
സതീഷ് കുമാറിന്റെ അക്കൗണ്ടില്‍നിന്ന് പണമെത്തിയതാണ് പി ആര്‍ അരവിന്ദാക്ഷനെ കുടുക്കിയത്. കോടികളുടെ ഇടപാടാണ് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെ നടന്നത്. അക്കൗണ്ടിലെത്തിയ പണം ആര്‍ക്കാണ് നല്‍കിയതെന്ന ഇ ഡിയുടെ ചോദ്യത്തിന് മറുപടി പറയാനായില്ല. കൂടുതല്‍ ചോദ്യംചെയ്യലിനായി വിളിച്ചപ്പോള്‍ ഇ ഡി ശാരീരികമായി ഉപദ്രവിച്ചെന്നുകാണിച്ച് കൊച്ചി പൊലീസില്‍ പരാതി നല്‍കി.
അറസ്റ്റുചെയ്തത് വീട്ടിലെത്തി
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇ.ഡി. സംഘം ഒരു കാറില്‍ അരവിന്ദാക്ഷനെത്തേടി പാര്‍ളിക്കാട്ടെ വീട്ടിലെത്തിയത്. അരവിന്ദാക്ഷന്റെ വീടാണെന്ന് അയല്‍പക്കത്തെ വീട്ടിലെത്തി ഉറപ്പിച്ചു.
അവിടെ അരവിന്ദാക്ഷന്‍ ഉണ്ടായിരുന്നില്ല. ഇഡിയില്‍നിന്നാണെന്ന് വീട്ടുകാരെ പരിചയപ്പെടുത്തിയ സംഘം, അരവിന്ദാക്ഷനെ വീട്ടിലേക്ക് വരാനായി ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യയാണ് ഫോണില്‍ വിളിച്ചത്. ഉടന്‍ എത്തുമെന്ന് ഭാര്യ അറിയിച്ചതോടെ ഇനി ആരെയും ഫോണില്‍ വിളിക്കരുതെന്ന് വീട്ടിലുള്ള എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി.
വൈകാതെ എത്തിയ അരവിന്ദാക്ഷനോട് കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് അറിയിച്ചു. ഏതാനും പേപ്പറുകളില്‍ ഒപ്പിടുവിച്ചു. കൂട്ടുകാരനായ ജോഷിയോടും തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന അരവിന്ദാക്ഷന്റെ സഹോദരന്‍ കുട്ടപ്പനോടും ഒപ്പമാണ് അരവിന്ദാക്ഷനെയും കൊണ്ടുപോയത്.