നയരേഖ ഈ മാസം 30, 31 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തിൽ അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ പാർട്ടി പരിപാടിയിൽതന്നെ മാറ്റം ഉണ്ടാക്കിയേക്കാവുന്നതാണ് ഈ നയരേഖ. വിദേശ കുത്തക മൂലധനവുമായി പങ്കാളിത്തമുള്ള വൻകിട ബൂർഷ്വാസി ഒരു വശത്തും ധനികകർഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവൻ കർഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയിൽ തമ്മിൽ പുതിയൊരു വർഗവൈരുധ്യം രാജ്യത്തു മൂർച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കർഷകപ്രക്ഷോഭം എന്നാണ് യെച്ചൂരി നയരേഖയിലൂടെ വിലയിരുത്തുന്നത്. ഇതിനു പുറമേ, ഭരണവർഗത്തിലെ പങ്കാളികൾക്കിടയിലും വൻകിട-ഇടത്തരം വ്യവസായ സംരംഭകർക്കിടയിലും വൈരുധ്യം മൂർച്ഛിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ബി.ജെ.പിയെ പിന്തുണച്ച ചില പ്രദേശിക പാർട്ടികൾ ഇപ്പോൾ വ്യത്യസ്തമായ നിലപാടു സ്വീകരിക്കുന്നതുമൊക്കെ വിവിധ വിഭാഗങ്ങൾക്കിടയിൽ വർഗപരമായിതന്നെ വന്നിട്ടുള്ള മാറ്റത്തിന്റെ ഉദാഹരണമാണെന്നാണ് നയേഖയിലൂടെ യെച്ചൂരി മുന്നോട്ടുവെക്കുന്ന വാദം.
advertisement
Also Read- ജനമനമറിയാൻ സി പി എം പ്രവർത്തകർ വീടു കയറും; ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കും
സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചാൽ പാർട്ടി പരിപാടിയിൽ ഘടനാപരമായ മാറ്റം ഉണ്ടാകും. കർഷക പ്രക്ഷോഭം ശക്തമായത് ഭരണകൂടത്തിനെതിരേ രാജ്യത്ത് സംഘടിതമായി ഉയർന്നിട്ടുള്ള ഈ രാഷ്ട്രീയവികാസമാണ്. ഇതിന് അനുസരിച്ച് പാർട്ടിയുടെ സമീപനത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നതാണ് നയരേഖ. രാജ്യത്ത് ഉയർന്നുവന്ന പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് അനുസൃതമായി മൂഹികമാറ്റത്തിനായി തൊഴിലാളി-കർഷകസഖ്യത്തിനൊപ്പം ധനികകർഷകരെക്കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ വിശാല സഖ്യം ആവിഷ്കരിക്കണമെന്നാണ് ഇപ്പോൾ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ ആവശ്യം.
'കാർഷിക പ്രശ്നം ഇന്ത്യൻ ജനതയുടെ ഏറ്റവും മുഖ്യമായ ദേശീയ പ്രശ്നമായി തുടരുന്നു. അത് പരിഹരിക്കുന്നതിന് ഭൂപ്രഭുത്വം, ഹൂണ്ടികക്കാരും കച്ചവടക്കാരും ചേർന്നു നടത്തുന്ന ചൂഷണം, നാട്ടിൻപുറത്തെ ജാതീയവും ലിംഗപരവുമായ പീഡനം എന്നിവയ്ക്കെതിരെ സമൂലവും സമഗ്രവുമായ കാർഷിക പരിഷ്കരണം ഉൾപ്പടെയുള്ള പരിവർത്തനം ആവശ്യമാണ്. കാർഷിക പ്രശ്നം പരിഹരിക്കുന്നത് പോയിട്ട് അതു കൈകാര്യം ചെയ്യുന്നതിൽ പോലും പരാജയപ്പെട്ടതുപോലെ മറ്റൊരു രംഗത്തും ഇന്ത്യയിലെ ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയുടെ പാപ്പരത്വം ഇത്രയേറെ പ്രകടമല്ല'- പാർട്ടി പരിപാടിയിൽ വ്യക്തമാക്കുന്ന ഈ നിലപാടാണ് നിലവിൽ ഭൂപ്രഭുക്കൾക്കും ധനിക കർഷകർക്കുമെതിരെ സിപിഎം സ്വീകരിച്ചിട്ടുള്ളത്.
You May Also Like- ബിജെപി വളരുന്നുണ്ട്; എന്നാൽ ആശങ്കപ്പെടുത്തുന്ന വളർച്ചയില്ലെന്ന് സിപിഎം
കൂടാതെ 'സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് ഭരണകൂടം ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനുപകരം ഫ്യൂഡൽ ഭൂപ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭുക്കളായി രൂപാന്തരപ്പെടുത്തുകയും, ധനിക കർഷകരുടേതായ ഒരു വിഭാഗത്തെ വളർത്തിയെടുക്കുന്നതുമായ കാർഷിക നയങ്ങളാണ് പിന്തുടർന്നത്'- എന്നും സിപിഎം പാർട്ടി പരിപാടി വ്യക്തമാക്കുന്നുണ്ട്. പുതിയ നയരേഖയിലൂടെ പാർട്ടി പരിപാടിയിലെ ഈ ഭാഗങ്ങളിൽ സിപിഎം സമൂലമായ മാറ്റത്തിനു തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.