വനിതാ മതിൽ വർഗ്ഗീയ മതിലാണെന്നും ഒരു മത വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നത് നാടിനെ വിഭജിക്കാനെന്നുമുള്ള ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു. കെ സി ബിസിയും ഇക്കാര്യത്തിലെ അത്യപ്തി തുറന്നു പറഞ്ഞു. നവോത്ഥാന സംഘടനകളുടെ ആദ്യ യോഗത്തിൽ പങ്കെടുത്തവരുടെ മാത്രം പരിപാടിയല്ല വനിതാ മതിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്തത്.
advertisement
പ്രതിപക്ഷ വിമർശനങ്ങൾ മറികടക്കാൻ എല്ലാ മതവിഭാഗത്തേയും മതിലിന്റെ ഭാഗമാക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്ന് വന്നത്. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷരെയും പരിപാടിയിലേക്ക് ക്ഷണിക്കാൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സർക്കാർ സ്വീകരിക്കും. എന്നാൽ ന്യൂനപക്ഷ സംഘടനകളും മതമേലധ്യക്ഷന്മാരും സർക്കാരിന്റെ വൈകിയ ക്ഷണത്തെ എങ്ങനെ കാണുമെന്നാണ് അറിയേണ്ടത്.
