മ്യഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് പി കെ ശശിയെ ഷൊർണൂർ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിൽ നിന്നും മാറ്റിയതെന്നാണ് സൂചന. രണ്ടാം ടേം മാത്രമായതിനാൽ ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ ഷൊർണൂർ എം എൽ എ പി കെ ശശിയെയും ഒറ്റപ്പാലം എം എൽ എ പി ഉണ്ണിയെയും ഉൾപ്പെടുത്തിയിരുന്നു.
advertisement
എന്നാൽ, ശശിയോട് മാറി നിൽക്കാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇവിടെ സംസ്ഥാന നേതൃത്വത്തിലെ ആരെങ്കിലും മത്സരിക്കും. ഒറ്റപ്പാലം എം എൽ എ പി ഉണ്ണിയേയും രണ്ടാം തവണ മത്സരിപ്പിക്കേണ്ട എന്ന നിലപാടാണ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, പകരം ആര് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
പി കെ ശശിയെ സംഘടനാ ചുമതലകളിലേക്ക് മാറ്റിയേക്കും. സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നിലവിൽ മൂന്നു ടേം പൂർത്തിയായതിനാൽ അടുത്ത സമ്മേളനത്തോടെ ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ഉണ്ടായ വിവാദങ്ങളും ശശിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതും മാറ്റി നിർത്താനുള്ള കാരണങ്ങളിലൊന്നാണ്. പരാതിയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പി കെ ശശി അടുത്തിടെയാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് മടങ്ങിയെത്തിയത്.
