നെയ്യാറ്റിൻകര DySP ബി. ഹരികുമാറിനെ സസ്പെൻഡ് ചെയ്തു; ഗൗരവത്തോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
സംഭവം നടന്ന ഇന്നലെയും കൊടങ്ങാവിളയിലെ ഒരുവീട്ടിലെത്തിയതായിരുന്നു ഹരികുമാർ. പെൺസുഹൃത്തിന്റെ ഈ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഹരികുമാറെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ വീട്ടിലേക്കുള്ള ഡിവൈ.എസ്.പിയുടെ വരവിനെ നാട്ടുകാർ മുൻപും ചോദ്യം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കവുമുണ്ടായിട്ടുണ്ട്. എങ്കിലും ഡിവൈ.എസ്.പി പിന്മാറിയില്ല. പാറശ്ശാല എസ്.ഐയായിരിക്കെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഈ വീടുമായി ഹരികുമാറിന് അടുപ്പമുണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു.
advertisement
DySPയുമായി തര്‍ക്കിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു
രാത്രികാലങ്ങളിൽ പതിവായി ഈ വീട്ടിലെത്തിയിരുന്ന ഹരികുമാറിനെ ഇതിൻറെ പേരിൽ നാട്ടുകാരുടെ മർദനവുമേറ്റിരുന്നു. മണൽ മാഫിയയുടെ ആക്രമണമായി ഇതിനെ വരുത്താനാണ് പൊലീസ് ശ്രമിച്ചതെന്നും നാട്ടുകാർ പറയുന്നു. ഈ സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഹരികുമാറിന് മറ്റ് പല ഇടപാടുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് പാറശ്ശാലയിൽ നിന്ന് സ്ഥലം മാറ്റി. ഫോർട്ട് സിഐ ആയിരിക്കെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ പ്രസംഗ വേദിക്ക് അരികിൽ വടിവാളുമായി കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബു എത്തിയത് വിവാദമായിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരിൽ അന്ന് സസ്‌പെൻഷനും ലഭിച്ചു. പിന്നീട് ആലുവ സിഐയായി നിയമിതനായി. ഡിവൈ.എസ്.പിയായതോടെ നെയ്യാറ്റിൻകരയിലേക്ക് എത്തി.
ഈ സമയങ്ങളിലെല്ലാം മിക്കവാറും എല്ലാ ദിവസവും പെൺസുഹൃത്തിന്റെ വീട്ടിൽ ഹരികുമാർ എത്തുമായിരുന്നു. തിങ്കളാഴ്ച രാത്രി ഈ വീട്ടിൽ നിന്ന് ഹരികുമാർ ഇറങ്ങിയത് മദ്യത്തിന്റെ ലഹരിയിലായിരുന്നു. ഇതും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. മഫ്തിയിലായിരുന്നതിനാൽ മരിച്ച സനലിന് ഇയാൾ പൊലീസാണെന്ന് പോലും അറിയില്ലായിരുന്നു. അതിക്രൂരമായാണ് യുവാവിനെ ഹരികുമാർ മർദിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്‌പി റോഡിലേക്ക് തള്ളിയിട്ടു. ഈ സമയം എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിച്ചു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അതേസമയം, ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നാണ് നാട്ടുകാർ പറയുന്നു. നേരെ ആശുപത്രിയിലെത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും ഇവർ പറയുന്നു.