ലാറ്റിൻ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ, 30 വർഷങ്ങൾക്കിടെയുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വൈദ്യുതിയും ഭക്ഷണവും വെള്ളമില്ലാതെ അരക്ഷിതാവസ്ഥയിലാണ് ഒരുകോടിയിലധികം ജനങ്ങൾ. മിഗ്വേൽ ഡയസ് കനാൽ സർക്കാരിന്റെ കയ്യിൽ ഒന്നിനും പണമില്ലെന്നതാണ് പ്രധാന പ്രശ്‌നം. പണത്തിന്റെ അഭാവം മൂലം രാജ്യത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അഞ്ച് തെർമോ പവർ പ്ലാന്റുകൾക്കുള്ള ഇന്ധനം കണ്ടെത്താൻ പോലും സർക്കാരിനാകുന്നില്ല. ഒരു ദിവസം ഏകദേശം 20 മണിക്കൂർ വരെയാണ് പലഭാഗങ്ങളിലും പവർ കട്ട്. പമ്പുകളും പൈപ്പുകളും തകരാറിലായതിനാൽ ജലക്ഷാമം രൂക്ഷമാണ്. പണപ്പെരുപ്പം ഭക്ഷ്യവിലയെ സാരമായി ബാധിച്ചിരിക്കുന്നു. അതുകാരണം പട്ടിണിയും വർധിക്കുകയാണ്.
advertisement
ലോകത്തെ ആകമാനം പിടിച്ചുലച്ച കോവിഡായിരുന്നു പ്രതിസന്ധിയിലായിരുന്ന ക്യൂബയ്ക്ക് വീണ്ടും അടിയായത്. ക്യൂബയുടെ പ്രധാന വരുമാന മാർഗം വിനോദസഞ്ചാര മേഖലയാണ്. വലിയ തോതിലുള്ള നിക്ഷേപം ടൂറിസത്തിൽ നടത്തിയിട്ടുണ്ടെങ്കിലും 2020ലെ കോവിഡ് മഹാമാരി ക്യൂബൻ സർക്കാരിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. സഞ്ചാരികൾ നിലച്ചതോടെ വിദേശനാണ്യത്തിന്റെ വരവും അവസാനിച്ചു.
2021 ജനുവരിയിൽ കറൻസിയിൽ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. ക്യൂബൻ പെസോയുടെ മൂല്യം ഒരു ഡോളറിന് ഒരു പെസോ എന്ന നിലയിൽനിന്ന് ഒരു ഡോളറിന് 24 പെസോ എന്ന നിലയിലേക്ക് കുറച്ചു. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും ഈ നീക്കം പ്രോത്സാഹനം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷ തെറ്റുകയും പണപ്പെരുപ്പം മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ശരാശരിയേക്കാൾ ഇരട്ടിയിലധികമാകുകയും ചെയ്തു.
അമേരിക്കയുടെ ഉപരോധമാണ് ക്യൂബയെ തകർത്ത പ്രധാനഘടകമമെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ 60 വർഷത്തിലേറെയായി തുടരുന്ന ഉപരോധങ്ങൾ മുഖേന 130 ബില്യൺ ഡോളറിന്റെ നഷ്ടമെങ്കിലും ക്യൂബയ്ക്കുണ്ടായതാണ് കണക്ക്.