അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്ഐആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവർത്തിയാണിതെന്നും എഫ്ഐആറിലുണ്ട്. കേസിലെ ഒന്നാം പ്രതി ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുള്ള ആണ്, രണ്ടാം പ്രതി ഗാനം പാടിയ ഡാനിഷ് മലപ്പുറം, മൂന്നാം പ്രതി സി.എം.എസ്. മീഡിയ, നാലാം പ്രതി സുബൈര്‍ പന്തല്ലൂര്‍ ആണ്.
ഹിന്ദുമത വിശ്വാസങ്ങളെയും അയ്യപ്പ ഭക്തരുടെ ശരണമന്ത്രങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഗാനം നിർമ്മിച്ച് പ്രചരിപ്പിച്ചു. ഈ ഗാനത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നും വിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നുമാണ് പരാതിക്കാരന്റെ ആരോപണം. അയ്യപ്പ ഭക്തിഗാനങ്ങളെയും ശരണമന്ത്രങ്ങളെയും മോശമായി ചിത്രീകരിച്ച് മതവിശ്വാസം തകർക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
advertisement
മതസൗഹാർദ്ദം തകർക്കാനും സമൂഹത്തിൽ സമാധാനലംഘനവും സംഘർഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയാണ് ഈ ഗാനം നിർമ്മിച്ചതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. യൂട്യൂബ് ഉൾപ്പെടെയുള്ള ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി ഗാനം വ്യാപകമായി പ്രചരിപ്പിച്ചത് ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രചരണം ഭക്തരുടെ മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചുവെന്നും മനപ്പൂർവ്വം വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
