പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമായതെന്നാണ് ഡിഡിഇ പറയുന്നത്. അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ന്യൂസ് 18-നോട് സംസാരിച്ച മന്ത്രി, മൈം തടയാൻ ആർക്കാണ് അധികാരമെന്ന് ചോദിക്കുകയും, തടസ്സപ്പെടുത്തിയ അതേ വേദിയിൽ വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും ഉറപ്പുനൽകി.
advertisement
മൈം അവതരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥികളിൽ ഒരാളായ ഇർഷാദ് പറയുന്നത് ഇങ്ങനെയാണ്: "പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടനിട്ടു. പലസ്തീൻ പ്രമേയത്തിലാണ് മൈം ഷോ അവതരണം എന്ന് അധ്യാപകർക്ക് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും പരിപാടി തടസ്സപ്പെടുത്തിയത് എന്തിനെന്ന് അറിയില്ല. നാളെ ഇതേ വേദിയിൽ മത്സരം നടത്താൻ അവസരം ഒരുക്കിയതിൽ അതിയായ സന്തോഷമുണ്ട്."
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിൽ നടന്ന കലോത്സവം ബഹളത്തിലും ലാത്തിച്ചാർജിലുമാണ് സമാപിച്ചത്. രണ്ട് ദിവസം നടക്കേണ്ടിയിരുന്ന പരിപാടിയാണ് ആദ്യ ദിവസം തന്നെ നിർത്തിവെക്കേണ്ടി വന്നത്. സ്കൂൾ അന്തരീക്ഷം സാധാരണ നിലയിലാക്കാനും കലോത്സവം പൂർത്തിയാക്കാനും വേണ്ട സാഹചര്യമൊരുക്കുന്നതിനായി രാവിലെ ചേർന്ന പി.ടി.എ. യോഗം എം.എസ്.എഫ്. പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു.