ഫണ്ട് താൽകാലിക ആവശ്യത്തിന് മാറ്റിയതിൽ വേണ്ട തിരുത്തലുകൾ പാർട്ടിക്കുള്ളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പറഞ്ഞ രാഗേഷ്, താൻ മാത്രമാണ് ശരിയെന്ന വി കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി, ഫണ്ട് കണക്ക് പുറത്തുവിടില്ലെന്നും പറഞ്ഞത്.
advertisement
അതേസമയം, ആരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ സി പി എം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാർട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് പുറത്താക്കൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി. ഇതിനെ നേരിടാൻ കെൽപ്പുള്ള പാർട്ടിയാണ് സി പി എം എന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
