മുൻ ഭാര്യയുമായുള്ള സംഭാഷണമടക്കം അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. പൊലീസ് സംഭാഷണം പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് കോടതിയിൽ ആരോപിക്കുന്നു. ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്‍റെ എതിർ വാദത്തിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല ദിലീപ് വാദിച്ചു.
advertisement
നിങ്ങൾക്ക് കോടതിയിൽ വിശ്വാസമില്ലേ എന്ന് ഒരു ഘട്ടത്തിൽ ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ആർക്കാണ് ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി രജിസ്ട്രിയിൽ ഈ ഫോൺ എന്തുകൊണ്ട് നൽകുന്നില്ല? മറ്റൊരാൾക്ക് ഫോൺ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങൾ എടുത്തത് വലിയ റിസ്കല്ലേ എന്നും കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഫോണുകൾ ഹാജരാക്കാനാവില്ലെന്ന് നിലപാട് എടുത്തതോടെയാണ് പ്രോസിക്യൂഷൻ ഉപഹർജി നൽകിയത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്. ദിലീപിന്‍റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയും കോടതിയിൽ പ്രത്യേക സിറ്റിംഗ് നടന്നിരുന്നു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ശേഷം ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു
