ജനുവരി 15നാണ് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. കുടുംബം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് പരാതിയിൽ പറയുന്നു. ചില വിദ്യാർത്ഥികളിൽ നിന്ന് മകൻ അതിക്രൂരമായ റാഗിങ്ങിന് ഇരയായതായും കുടുംബം ആരോപിക്കുന്നു.
തൃപ്പൂണിത്തറ ചോയ്സ് ടവറിൽ താമസിക്കുന്ന സിരിൻ-രചന ദമ്പതികളുടെ മകനാണ് മിഹിർ. ഫ്ലാറ്റിലെ 26-ാം നിലയിൽ നിന്ന് ചാടിയ മിഹിർ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ വീണ് തൽക്ഷണം മരിക്കുകയായിരുന്നു.
advertisement
കുട്ടിയുടെ മരണശേഷം സുഹൃത്തുക്കളിൽ ചിലർ കൈമാറിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടിൽ നിന്നാണ് ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ അറിയുന്നത്. സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് കുടുംബം പരാതി നൽകിയത്. എന്നാൽ മിഹിറിന്റെ മരണത്തിന് പിന്നാലെ സഹപാഠികൾ നിർമ്മിച്ച ചാറ്റുകൾ അടങ്ങിയ ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. അതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. മിഹിറിനെ റാഗ് ചെയ്തു എന്ന് പറയുന്ന വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ആരെന്നതിലും നിലവിൽ പൊലീസിന് സൂചനകൾ ലഭിച്ചിട്ടില്ല.
അതേസമയം സ്കൂളിനെതിരെ വ്യാജപ്രചരണമാണ് നടക്കുന്നെന്നും റാംഗിങ്ങിൽ പരാതി ലഭിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ഗ്ലോബൽ പബ്ലിക്ക് സ്കൂൾ രംഗത്തെത്തിയിരുന്നു.