നേരത്തെ അറസ്റ്റ് നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് രഞ്ജിത്തിനെ കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. രക്തസമ്മർദ്ദം ഉയർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിദഗ്ധ പരിശോധനയിൽ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്കെതിരെയുള്ളത് വ്യാജ പരാതി ആണെന്ന് രഞ്ജിത്ത് ഒറ്റവാക്കിൽ പ്രതികരിച്ചു. ആശുപത്രിയിൽ നിന്ന് എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്.
advertisement
കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചായിരുന്നു അറസ്റ്റ്. ബിഎൻഎസ് പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
