കൃഷ്ണകുമാറിനെതിരായ കൗണ്ടർ കേസിനെ സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടാൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. ദിയ കൃഷ്ണയുടെ കവടിയാറിലെ ബൊട്ടിക്കിൽ പരിശോധന നടത്തി സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ പേരിലുള്ള പേരൂർക്കടയിലെ സ്വകാര്യ ബാങ്കിൽ നിന്ന് അന്വേഷണസംഘം 2024 മുതലുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചത്.
തുടർന്ന് ആരോപണ വിധേയരുടെ പേരിലുള്ള വലിയതുറയിലെ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചതായി ആണ് സൂചന. മൂന്നു വനിതാ ജീവനക്കാരിൽ ഒരാളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും മറ്റ് രണ്ടുപേരിൽ നിന്ന് മൊഴിയെടുക്കാൻ മ്യൂസിയം പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
advertisement
ബാങ്ക് സ്റ്റേറ്റ്മെന്റുകൾ താരതമ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ നിജസ്ഥിതി ബോധ്യപ്പെടും എന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. 2024 ജൂലൈ മുതൽ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ ചേർന്ന് തട്ടിയെടുത്തതായാണ് പരാതി. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു.
അതേസമയം തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി നടൻ കൃഷ്ണകുമാറിനെതിരെ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കൗണ്ടർ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് കൃഷ്ണകുമാറിന്റെയും ദിയ കൃഷ്ണയുടെയും മൊഴി വീണ്ടും വിശദമായിരേഖപ്പെടുത്തിയേക്കും. കന്റോൻമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ മ്യൂസിയം സിഐയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.