കോഴക്കോട് പനി ലക്ഷണങ്ങളെത്തുടർന്ന്മരിച്ച നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
advertisement
കുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം കാരണമാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ അമീബിക് മസ്തിഷ്കജ്വരമല്ല മരണകാരമെന്നും കുട്ടിക്കു വേണ്ട ചികിത്സ നൽകിയില്ലെന്നും ആരോപിച്ച് ഒക്ടോബർ എട്ടിന് പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.
ആഗസ്റ്റ് 14-നാണ് സനൂപിന്റെ മകള്‍ അനയ മരിച്ചത്. കുട്ടിക്ക് ശരിയായ ചികിത്സ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചെകത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിക്കുന്നത്. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിൽ പിഴവ് സംഭവിച്ചെന്നും കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത് വൈകിയെന്നും മറ്റും ആരോപിച്ചാണ് സനൂപ് താമരശ്ശേരി ആശുപത്രിയിലെത്തി സൂപ്രണ്ടിന്റെ മുറിയിലുണ്ടായിരുന്ന ഡോ. വിപിന്‍റെ തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടിയത്.