2022-ൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടപ്പോൾ പരിഹസിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തിക്കൊണ്ടും കത്തയച്ച അതേ വ്യക്തിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. പുതിയ ഊമക്കത്തിലെ കൈയക്ഷരം, 2022-ൽ താൻ ഫേസ്ബുക്കിൽ പങ്കുവെച്ച പഴയ കത്തിലെ കൈയക്ഷരവുമായി ഒത്തുനോക്കിയാണ് ഒരേ ആളാണെന്ന് ഉറപ്പിച്ചത്. പഴയ കത്ത് ഗ്രാമർ തെറ്റുകളുള്ള ഇംഗ്ലീഷിലായിരുന്നെങ്കിൽ പുതിയ കത്ത് മലയാളത്തിലായിരുന്നു. എങ്കിലും, അപൂർവമായി പ്രയോഗിച്ച ചില ഇംഗ്ലീഷ് വാക്യങ്ങളാണ് ഒരേ കൈപ്പടയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. രണ്ട് കത്തിന്റെയും ഉള്ളടക്കങ്ങൾ ഒന്നുതന്നെയാണെന്നും ഒന്ന് തന്നെ കളിയാക്കാനും മറ്റൊന്ന് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും ജോ ജോസഫ് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ എഴുതിയ ആളിന്റെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഊമക്കത്ത് അയച്ചയാൾക്ക് 'ചേട്ടാ' എന്ന് വിളിച്ചുകൊണ്ടുള്ള മറുപടിയും ജോ ജോസഫ് നൽകുന്നുണ്ട്: "തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും. ഇപ്പോൾ പോകുന്ന പോലെ ആവശ്യമുള്ളപ്പോൾ ഇനിയും ലെനിൻ സെന്ററിൽ പോകും. ഈ പോക്ക് പോയാൽ ചേട്ടൻ കുറേ ഊമക്കത്തുകൾ ഇനിയും എഴുതുമെന്ന് തോന്നുന്നു. അപ്പോൾ ലാൽസലാം," എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.