സർവകലാശാലയുടെ താത്ക്കാലിക വി സിയായ ഡോ. സിസ തോമസ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഈ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. സർവകലാശാലയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഉത്തരവ് ഇറക്കണമെന്നായിരുന്നു അതിന് കാരണമായി മിനി കാപ്പൻ പറഞ്ഞിരുന്നത്. എന്നാൽ രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാർ തുടരുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. ഒടുവിൽ ഉത്തരവിറക്കാൻ തയ്യാറാകാത്ത ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള നിർദേശം വി സി മോഹനൻ കുന്നുമ്മൽ നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
advertisement
അതേസമയം, രജിസ്ട്രാർ ഡോ. കെ എസ് അനികുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ഓഫീസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വി സി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കാന്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. രാവിലെ ക്യാംപസിലെത്തിയ രജിസ്ട്രാര്‍ യാതൊരു തടസവും കൂടാതെ ഓഫീസില്‍ പ്രവേശിച്ചു.
റഷ്യൻ പര്യടനം കഴിഞ്ഞെത്തിയ വി സി മോഹൻ കുന്നുമ്മൽ ഇന്നലെയാണ് കേരള സർവകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തത്. രജിസ്ട്രാർക്കെതിരെ ചാൻസലറായ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരുന്നു മോഹൻ കുന്നുമ്മലിന്റെ വിദേശയാത്ര. ചൊവാഴ്ച വരെ സിസാ തോമസായിരുന്നു വിസിയുടെ ചുമതല വഹിച്ചിരുന്നത്.
അതേസമയം, കേരള സർവകലാശാല ആസ്ഥാനം ഇന്നും സംഘർഷഭരിതമായി. അകത്ത് എഐഎസ്എഫും പുറത്ത് ഡിവൈഎഫ്‌ഐയും പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സര്‍വകലാശാല ഗേറ്റിനു പുറത്തു പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വേണമെന്നു വച്ചാല്‍ ഏതു കോട്ടകൊത്തളത്തിന് അകത്തും കയറാന്‍ ശേഷിയുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ എന്നും നേതാക്കള്‍ പറഞ്ഞു.