സുഹൃത്തും സിപിഎം നേതാവുമായ നിബിന്‍ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്.
ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍കിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകള്‍. കമ്മിറ്റിയിലെ ആര്‍ക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നില്‍ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്‌ഐ നേതാവ് പിരിക്കുമ്പോള്‍ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോള്‍ കിട്ടുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഡിയോ സന്ദേശത്തിലുണ്ട്.
പണ്ട് തൃശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റുനടന്ന എം കെ കണ്ണന്‍ ഇപ്പോള്‍ ഏത് നിലയിലെത്തിയെന്ന് ആലോചിക്കണം. പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുമ്പോഴും വലിയ സാമ്പത്തിക സ്ഥിതിയിലാണ് എല്ലാവരും എന്ന് മറുപടി പറയുന്നുണ്ട്. അനൂപ് ഡേവിസ് കാട, തൃശൂര്‍ കോർപറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ക്കെല്ലാം വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശരത്പ്രസാദ് പറയുന്നു.
advertisement
നേരത്തേ കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായിരുന്ന നേതാക്കള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദസന്ദേശമെന്നതിനാല്‍ എതിരാളികൾ ഇത് ആയുധമാക്കാനാണ് സാധ്യത. എ സി മൊയ്തീൻ, എം കെ കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമായതാണ്. ഇതെല്ലാം ശരിവെയ്ക്കുംവിധത്തിലാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശം.
സംഭവത്തിൽ ശരത്തിൽ നിന്ന് വിശദീകരണം തേടാനാണ് സിപിഎം തീരുമാനം. വിവാദത്തിന് പിന്നാലെ ശരത്പ്രസാദിന്റെ ശബ്ദരേഖ പുറത്തുവിട്ട നടത്തറ ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെതിരെ സിപിഎം നടപടിയെടുത്തു. അതേസമയം, സഹകരണ ബാങ്കുകളിൽ നടത്തിയിട്ടുള്ള വെട്ടിപ്പുകൾ സിപിഎമ്മിന് വേണ്ടിയാണെന്നും ഏറ്റവും നാണംകെട്ട സർക്കാരായി സിപിഎം മാറിയെന്നും ബിജെപി നേതാവ് വി മുരളീധരൻ പ്രതികരിച്ചു.