കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂർ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദർശനമുണ്ടാകുമെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം പത്രകുറിപ്പിൽ അറിയിച്ചു.
അതിനിടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം റദ്ദാക്കണമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) അധികൃതർ വിദ്യാർത്ഥി യൂണിയനോട് ആവശ്യപ്പെട്ടു. വിവാദ ഡോക്യുമെന്ററി ഓഫീസിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെയാണ് അദികൃതരുടെ തീരുമാനം. അതേസമയം, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ ജനുവരി 21 ന് യൂണിവേഴ്സിറ്റിക്കുള്ളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയെന്ന വിവരം പുറത്തുവന്നു.
advertisement
പരിപാടി റദ്ദാക്കിയില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജെഎൻയു അഡ്മിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഡോക്യുമെന്ററി നിയമപരമായി നിരോധിച്ചിട്ടില്ലാത്തതിനാൽ, പ്രദർശനവുമായി മുന്നോട്ട് പോകുമെന്ന് ജവഹർലാൽ നെഹ്‌റു സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു) വൃത്തങ്ങൾ അറിയിച്ചു. സ്റ്റുഡന്റ് ഇസ്‌ലാമിക് ഓർഗനൈസേഷനും (എസ്‌ഐഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷനും ചേർന്നാണ് ഹൈദരാബാദിൽ സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്. ഈ സംഘടനകളിലെ 50-ലധികം വിദ്യാർത്ഥികൾ സ്ക്രീനിംഗിൽ പങ്കെടുക്കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സർക്കാർ വെള്ളിയാഴ്ച നിർദ്ദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു “പ്രചാരണ ശകലം” എന്ന നിലയിലാണ് അതിനെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.