പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചു.
തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
മാര്‍ച്ച് 10നാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതം തുടങ്ങിയത്. ഒമാനില്‍ മാര്‍ച്ച് 11ന് വ്രതം തുടങ്ങി.
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഈദ് ആശംസ
ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.
വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.