കൊച്ചി: വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി ഐ ജി ഓഫീസിലേക്ക് സി പി ഐ നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ എം എൽ എയുടെ കൈക്ക് ഒടിവില്ലെന്ന മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരണവുമായി എൽദോ എബ്രഹാം എം എൽ എ. കൈയ്ക്ക് ഒടിവുണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും മറ്റ് പരിക്കുകളാണ് ഉള്ളതെന്നും എം എൽ എ ന്യൂസ് 18നോട് പറഞ്ഞു.
ചോദ്യം: പരിക്കുകൾ വ്യാജമാണെന്ന തരത്തിലുള്ള പ്രചരണം വരുന്നുണ്ട്. എങ്ങനെ കാണുന്നു അത്തരം പ്രചരണത്തെ?
advertisement
എൽദോ എബ്രഹാം: അത്തരം പ്രചരണങ്ങളെ ഞാൻ തള്ളിക്കളയുകയാണ്. കഴിഞ്ഞ 25 വർഷക്കാലമായി വിവിധ സമരങ്ങളിൽ പങ്കെടുക്കുന്നതാണ്. വിദ്യാർത്ഥി, യുവജന രംഗങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഒട്ടേറെ സമരങ്ങളിൽ എറണാകുളത്തും മറ്റ് സമരകേന്ദ്രങ്ങളിലും ഒക്കെ നിരവധിയായ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒട്ടേറെ സമരങ്ങളിൽ മർദ്ദനമേറ്റിട്ടുണ്ട്. അതുകൊണ്ടു തന്നെ മർദ്ദനമേറ്റതിന്‍റെ അല്ലെങ്കിൽ പരിക്കേറ്റതിന്‍റെ ഗ്രാവിറ്റി അന്വേഷിക്കുക ഒരു നല്ല ശീലമല്ലെന്നാണ് എന്‍റെ അഭിപ്രായം.
ചോദ്യം: ഭരണപക്ഷത്തുള്ള ഒരു എം എൽ എയ്ക്കാണ് മർദ്ദനമേറ്റത്. പൊലീസിന്‍റെ നടപടികളെ ശക്തമായി താങ്കൾ വിമർശിക്കുകയും ചെയ്യുന്നുണ്ട്?
എൽദോ എബ്രഹാം: പൊലീസിന്‍റെ നടപടി തെറ്റാണെന്ന് ആദ്യം പറഞ്ഞ കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കുകയാണ്. അത് ഇന്നലെ ഒരു അഭിപ്രായം, ഇന്ന് മറ്റൊരു അഭിപ്രായം അങ്ങനെയൊന്ന് ഇല്ലല്ലോ. അതുകൊണ്ട് സമരത്തിൽ പങ്കെടുക്കുമ്പോൾ മർദ്ദനമൊക്കെ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പൊലീസിന് എതിരായി നടത്തിയ സമരമെന്ന നിലയിൽ, നമ്മൾ പലതും പ്രതീക്ഷിച്ചാണ്, സമരമാകുമ്പോൾ ആ നിലയ്ക്ക് നമ്മൾ എക്സപെക്ട് ചെയ്യണം
ചോദ്യം: അതുകൊണ്ടാണ് സൂക്ഷിച്ച് സമരം ചെയ്യണമെന്ന് എകെ ബാലൻ അടക്കമുള്ള മന്ത്രിമാർ പറഞ്ഞത്
എൽദോ എബ്രഹാം: ബാലൻ മിനിസ്റ്റർ പറഞ്ഞതിനെക്കുറിച്ച് ഞാൻ ഇപ്പോൾ ഒരു മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, സമരത്തിൽ ഒരു പുതുമയില്ല, സമരങ്ങളിൽ പങ്കെടുക്കുന്നതിൽ പുതുമയൊന്നുമില്ല. പക്ഷേ, എറണാകുളത്ത് പൊലീസ് ചെയ്തത് തികച്ചും അന്യായം തന്നെ ആയിരുന്നു.
'തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ'; കാനത്തിനെ പരിഹസിച്ച് മുരളീധരൻ
ചോദ്യം: യഥാർത്ഥത്തിൽ എന്തു പരിക്കാണ് താങ്കൾക്ക് പറ്റിയതെന്നാണ് ഡോക്ടർമാർ താങ്കളോട് പറഞ്ഞിട്ടുള്ളത്
എൽദോ എബ്രഹാം: നിങ്ങൾ മാധ്യമപ്രവർത്തകരെല്ലാം ശ്രദ്ധിച്ച കാര്യമാണ്, കേരളീയ പൊതുസമൂഹം ആ സമരത്തിന്‍റെ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. എം എൽ എയെ സെൻട്രൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അദ്ദേഹം വളരെ ശക്തിയോടു കൂടിയ ഒരു അടി അടിക്കുന്നുണ്ട്. ആ ചിത്രം മിക്കവാറും പത്ര മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പുറത്തു വന്നതാണ്. അതിൽ തന്നെ പൊലീസിന്‍റെ മർദ്ദനമുറ എവിടെ നിൽക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. അവിടുന്ന് തന്നെ നമുക്ക് പരിക്കിനെക്കുറിച്ച് ബോധ്യമാകുകയും ചെയ്യും.
ചോദ്യം: കൈയ്ക്ക് പൊട്ടലുണ്ടോ ? അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പരിക്കുകളാണോ ഏറ്റിട്ടുള്ളത്?
എൽദോ എബ്രഹാം: എന്‍റെ കൈ ഒടിഞ്ഞു എന്നു ഞാൻ ഒരിക്കൽ പോലും ഈ സമരം നടന്നതിനു ശേഷം ആശുപത്രിയിൽ എത്തിയപ്പോൾ, അതിനു ശേഷമോ എന്‍റെ ഏതെങ്കിലും പ്രസ്താവനയിൽ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ, മാധ്യമങ്ങളിൽ അങ്ങനെ വന്നിരുന്നു. കൈ ഒടിഞ്ഞു എന്ന നിലയ്ക്കുള്ള വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ, ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. കൈ ഒടിഞ്ഞിട്ടില്ല, മറ്റ് പരിക്കുകളാണ് ഉള്ളത്. എന്നാൽ, ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഏറ്റവും മുൻവശത്ത് സമരത്തിന്‍റെ ഭാഗമായി ഉണ്ട് ഞാൻ. അതുകൊണ്ടു തന്നെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡിൽ തെറിച്ചു വീണു, രണ്ടു പ്രാവശ്യം നിലത്ത് വീണിട്ടുണ്ട്. ഇടതുവശം ചേർന്നായിരുന്നു നിലത്തു വീണത്. ആ സമയത്താണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്.
ചോദ്യം: എക്സ് റേ, സ്കാൻ റിപ്പോർട്ടുകളിൽ എന്താണ് ഉള്ളത് ?
എൽദോ എബ്രഹാം: എറണാകുളത്തെ ജനറൽ ആശുപത്രിയിലാണ് പരിക്കേറ്റവരെ എല്ലാവരെയും ആദ്യം പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് എല്ലാവരെയും മാറ്റി. ഡോക്ടറോട് കൈയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ തന്നെയാണ് പറഞ്ഞത് ഇടതുകൈയുടെ മുട്ടിന് സാരമായ പരിക്കുണ്ടെന്ന്. ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർ തന്നെയാണ് ചികിത്സ സംബന്ധിച്ച കാര്യങ്ങൾ ചെയ്തത്.
പൊലീസിന്‍റെ പ്രവർത്തനങ്ങൾ കുറച്ചുകൂടി സിസ്റ്റമാറ്റിക്ക് ആകണമെന്നും നല്ല ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നും എം എൽ എ പറഞ്ഞു. കുറച്ചു കൂടി കാര്യക്ഷമമായി പൊലീസ് പ്രവർത്തിക്കണമെന്നും പ്രവർത്തനങ്ങളിൽ കുറച്ചുകൂടി ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. എം എൽ എ ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പൊലീസ് തന്നെ തല്ലിയതെന്നും എൽദോ എബ്രഹാം പറഞ്ഞു.