കോൺഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ‘ ബിജെപിയും ഇതിൽ പങ്കാളിയാണ്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രസക്തിയില്ല. 2001ൽ പറയാത്ത അസഭ്യങ്ങളില്ല. അന്ന് ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള പുസ്തകം അടിച്ചാണ് തനിക്കെതിരെ വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും.
advertisement
‘‘ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല.എല്ലാവർക്കും പ്രണയമുണ്ട്. ചിലർ ഒളിച്ചുവയ്ക്കുന്നു, ചിലർ പരസ്യമായി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രണയമുണ്ടായിരുന്നത് ജവഹർലാൽ നെഹ്റുവിനാണ്. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം മാധവിക്കുട്ടിക്ക് പ്രണയം ഉണ്ടോയെന്ന് ചോദിക്കും പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവൻ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്റുവിന് പ്രണയമുണ്ടായിരുന്നു. വാജ്പേയിക്ക് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചല്ലേ കല്യാണം കഴിച്ചത്.
ഞാനൊരു മികച്ച പൊതുപ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ്റേ വരെ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്. തൻ്റെ ഭാഗത്ത് നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്കെതിരെയും ഗണേഷ് കുമാർ പ്രതികരിച്ചു. ഗണേഷിന് എതിരായ ആരോപണത്തിൽ താൻ ഇടപെട്ടിരുന്നതായി തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായ ശ്രീലേഖ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ആരാണ് ശ്രീലേഖ ? ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആരാണ്? അവർക്ക് മേയറാകാൻ പറ്റാത്തതിന്റെ കൊതിക്കെറുവാണ് അവർക്ക്. അവർ ബിജെപിയും ഞാൻ എൽഡിഎഫും ആണ്. വട്ട് മൂത്താൽ ആർക്കും 112ൽ വിളിക്കാം. ഞാൻ വൻഭൂരിപക്ഷത്തിൽ ജയിക്കും. വീടിന്റെ അകത്തുള്ള കാര്യം മാധ്യമങ്ങളോട് പറയേണ്ടെന്ന് കരുതി. ഗണേഷ് കുമാർ പറഞ്ഞു.. വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായർക്കൊപ്പം നിഴലായി നിൽക്കണമെന്നാണ് മരിക്കുന്നതിന് മുൻപ് അച്ഛൻ പറഞ്ഞതെന്നും അദ്ദേഹം രാജിവെക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണെന്നും താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രമേ ഉള്ളെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
