നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവരുതെന്ന് എസ്എഫ്ഐഒക്ക് വാക്കാൽ നിർദേശം നൽകിയെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ വാദിച്ചു. അത് എസ്എഫ്ഐഒ ലംഘിച്ചുവെന്നാണ് കപിൽ സിബലിന്റെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ജുഡീഷ്യൽ റെക്കോഡുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡൽഹി ഹൈക്കോടതി സിഎംആർഎൽ ആവശ്യപ്പെട്ടത് പ്രകാരം ഹർജി ആദ്യം പരിഗണിച്ച ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്കെതിരെ ഇ ഡി കേസെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്ന് ഇഡി പറയുന്നു. കേസിൽ വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിരുന്നു. സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്‌സാലോജിക് കമ്പനിക്കാണ് പണം നൽകിയിരിക്കുന്നത്. ഒരു സേവനവും നൽകാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.
advertisement
നേതാക്കൾക്ക് സിഎംആർഎൽ കോടികൾ നൽകിയെന്നും കണ്ടെത്തലുണ്ട്. ടി വീണ, സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് പ്രോസിക്യൂഷൻ നടപടിക്ക് അനുമതിയുണ്ടായത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.