തട്ടിപ്പ് എന്ന വാക്ക് കേട്ടാൽ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന സംഭവങ്ങളിൽ ഒന്നാണ് സോളാർ തട്ടിപ്പ്. ഈ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്റെ പേരും രൂപവുമൊന്നും ആരും മറന്നുകാണില്ല. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം തട്ടിപ്പിന്റെ പുതിയ മുഖവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇയാള്‍. സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പുമായി ബിജു രംഗത്ത് വന്നിരിക്കുന്നത്.
കൊച്ചി എന്‍എച്ച്എഫ് എന്ന തട്ടിപ്പ് സ്ഥാപനം നടത്തുന്ന സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാറുണ്ട്. സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സിഎസ്ആര്‍ ഫണ്ടിംഗിനേക്കുറിച്ച് ക്ലാസെടുക്കുന്നത്. എം എസ് ഡബ്ല്യു നേടിയ വിദ്യാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തട്ടിപ്പ് സ്ഥാപനത്തിലേക്ക് ജോലിയ്ക്ക് കയറ്റാറുമുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ ഉദ്യോഗാര്‍ത്ഥികള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്ഥാപനം വിടുകയാണ് പതിവ്.
advertisement
മലപ്പുറം ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിജു ജോര്‍ജ് കല്ലോല്ലിത്തടത്തില്‍ എന്ന പേരില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. എം എം എസ് ഡബ്‌ള്യു ബിരുദധാരി ഒപ്പം കോര്‍പറേറ്റ് സ്ഥാപനത്തിന്റെ തലവന്‍ എന്നീ നിലകളിലാണ് ബിജു ക്ലാസെടുത്തത്.
കേരളം ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്ത സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനാണ് ബിജു ജോര്‍ജ് കല്ലോലിത്തടത്തിലെന്ന് കോളേജ് അധികൃതര്‍ക്ക് മനസിലായില്ല. കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയാണ് ബിജുവിനെ നിർദേശിച്ചത്. അനാഥനാണ്, ഓർഫനേജിലാണ് പഠിച്ചത്. കഷ്ടപ്പെട്ട് പഠിച്ച് എം എസ് ഡബ്ല്യു നേടി എന്നതടക്കം കരളലിയിക്കുന്ന കഥകളാണ് അധ്യാപകരോടടക്കം ബിജു പറഞ്ഞത്.
സന്നദ്ധ സംഘടനാ ഭാരവാഹിയുമായി ഓഫീസിലെത്തിയ ഞങ്ങളോട് ബിജു പറഞ്ഞത് മറ്റൊരു കഥയായിരുന്നു. സമ്പന്ന കുടുംബത്തില്‍ ജനനം.സഹോദരി ബാങ്ക് മാനേജര്‍, സഹോദരി ഭര്‍ത്താവ് ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയായിരുന്നു. മൗറീഷ്യസിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് 15 വര്‍ഷത്തോളം യു കെയിലെ മാഞ്ചസ്റ്ററില്‍ ജോലി നോക്കി. തുടര്‍ന്ന് അടുത്തിടെയാണ് കേരളത്തില്‍ എത്തിയത് എന്നിങ്ങനെയായിരുന്നു.
പ്രീഡിഗ്രിയാണ് ബിജു രാധാകൃഷ്ണന്റെ വിദ്യാഭ്യാസ യോഗ്യതയെന്ന് സോളാര്‍ കേസ് കാലത്ത് പോലീസ് കണ്ടെത്തിയിരുന്നു. മാലൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും പ്രീഡിഗ്രി ജയിച്ച ശേഷം അഞ്ചുവര്‍ഷ എംബിഎ പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയി. ഏതാനും മാസങ്ങള്‍ക്കുശേഷം പഠനം ഉപേക്ഷിച്ചു. കുറച്ചു വര്‍ഷം ഡല്‍ഹിയില്‍ ചുറ്റിത്തിരിഞ്ഞശേഷം ഐഎഎസ് നേടിയെന്ന അവാകാശവാദവുമായി നാട്ടിലെത്തി. ദിലീപ് നായകനായ 'കിംഗ് ലയർ' സിനിമയിലെ സത്യനാരായണൻ എന്ന കഥാപാത്രത്തേത് പോലെ.
പൗരസമിതിയെന്ന പേരില്‍ ഏതാനും പേരെ കച്ചകെട്ടിയിറക്കി നാട്ടുകാരെക്കൊണ്ട് ഐഎഎസ് നേടിയ ബിജുവിന് സ്വീകരണവും നല്‍കി. ഈ സംഭവത്തിന് പിന്നാലെ ബിജുവിന്റെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. ഐഎഎസ് വ്യാജപ്രചാരണത്തില്‍ ബിജുവിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതാണ് ബിജു രാധാകൃഷ്ണനനെതിരായ ആദ്യ കേസ്.
നാട്ടിലെത്തിയശേഷം നിരവധി സ്ഥാപനങ്ങളില്‍ ജോലിനോക്കിയെങ്കിലും ഒരിടത്തും ഉറച്ചുനിന്നില്ല. ഒടുവിലാണ് സോളാര്‍ കേസിലൂടെ വിവാദത്തിലായ ടീം സോളാര്‍ എന്ന സ്ഥാപനം തുടങ്ങിയത്. സരിത എസ് നായര്‍ കൂടി എത്തിയതോടെ തട്ടിപ്പ് മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. സോളാര്‍ കേസ് പുറത്തുവന്നതോടെ മാസങ്ങള്‍ നീണ്ട ജയില്‍ പിന്നീട് ഭാര്യ രശ്മിയെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ. ഒടുവില്‍ അഭിഭാഷകയായി നിഷ കെ പീറ്റര്‍ എത്തിയതോടെ ജയില്‍ മോചനം. പിന്നീട് വക്കീലൂമൊത്ത് പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു.
