കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ (26) ആണ് പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്.
അതേസമയം, അന്നയുടെ അന്നയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും EY അധികൃതരും വ്യക്തമാക്കി.
തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് കത്തില്‍ അനിത പറയുന്നു.
''മാര്‍ച്ചിലാണ് അന്ന ജോലിക്ക് കയറിയത്. അമിത ജോലിഭാരത്തെക്കുറിച്ച് അന്ന ഞങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഔദ്യോഗിക ജോലികള്‍ക്കപ്പുറം മറ്റ് നിരവധി ചുമതലകള്‍ അവളെ ഏല്‍പ്പിച്ചിരുന്നു. അത്തരം ജോലികള്‍ ഏറ്റെടുക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. പക്ഷേ മാനേജര്‍മാര്‍ യാതൊരു ദയയുമില്ലാതെ അവളെക്കൊണ്ട് അത് ചെയ്യിപ്പിച്ചിരുന്നു. വാരാന്ത്യങ്ങളില്‍ പോലും വിശ്രമമില്ലാതെ മകള്‍ ജോലി ചെയ്തു’ അനിത അഗസ്റ്റിന്‍ ആരോപിച്ചു.
മകളുടെ ബോസ് രാത്രി വിളിച്ച് പിറ്റേന്ന് രാവിലെ ചെയ്ത് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ജോലി ഏല്‍പ്പിച്ച സംഭവത്തെപ്പറ്റിയും അനിത പറഞ്ഞു.‘‘അവളുടെ അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രി അവളെ വിളിച്ചു, പിറ്റേന്ന് രാവിലെയോടെ പൂര്‍ത്തിയാക്കേണ്ട ജോലിയെപ്പറ്റി പറയാനായിരുന്നു അദ്ദേഹം വിളിച്ചത്. അവള്‍ക്കൊന്ന് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ വളരെ മോശമായ പ്രതികരണമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത്’, അനിത പറഞ്ഞു.
''ജൂലായ് ആറിനു അവളുടെ കോണ്‍വൊക്കേഷനായി ഞങ്ങള്‍ പുണെയിലെത്തി. അന്ന് നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടപ്പോള്‍ ഡോക്ടറെ കാണിച്ചു. ഇസിജിയില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്നമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കൊച്ചിയില്‍നിന്ന് എത്തിയതേയുള്ളൂ. ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നും അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും ഡോക്ടറെ കണ്ടശേഷം ഒരുപാട് ജോലിയുണ്ടെന്ന് പറഞ്ഞ് അവള്‍ ഓഫീസിലേക്കുപോയി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ കോണ്‍വൊക്കേഷന്‍ പോലും അന്നയ്ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല.''- കത്തിൽ പറയുന്നു.
അന്നയുടെ മരണകാരണം കത്തില്‍ പറയുന്നില്ലെങ്കിലും വിശ്രമമില്ലായ്മയും ഉറക്കമില്ലായ്മയും അടക്കം ശാരീരികപ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു.