TRENDING:

'ശിവശങ്കറിനെതിരായ കേസ് പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം; പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം': മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ കുറിപ്പ്

Last Updated:

''മലയാളികളുള്ള എവിടെയും ചെന്ന് എന്നെ ഒരാൾ 'ഇയാൾ കെ സുരേഷ്‌കുമാറിന്റെ മകനാണ്' എന്ന് പറഞ്ഞ് പരിചയപെടുത്തിയാൽ ഓരോ മലയാളിയിൽ നിന്നും എനിക്ക് ഇത് വരെ കിട്ടീട്ടുള്ളതും എന്റെ മരണം വരെ എനിക്ക് ഉറപ്പായിട്ട് കിട്ടുകയും ചെയ്യുന്ന ഒരു വലിയ വലിയ വലിയ സ്നേഹവും ബഹുമാനവും ഉണ്ട്. എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് അദ്ദേഹത്തിന്റെ മക്കൾക്ക് വേണ്ടി കരുതി വച്ച ഏറ്റവും വലിയ സമ്പാദ്യം.''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന കെ. സുരേഷ് കുമാർ ഐ എ എസിന്റെ മകൻ അനന്തു എഴുതിയ കുറിപ്പ്. വിഎസിന്റെ കാലത്ത് വിവാദമായ മൂന്നാർ ദൗത്യ സംഘത്തിന്റെ ആദ്യത്തെ തലവനായിരുന്നു സുരേഷ് കുമാർ. ശിവശങ്കറിനെതിരായ ഈ കേസ് ഒരുപക്ഷെ പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം. പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ ഒരു നീതി വിളംബരമാണ്. ആ വഴിക്ക്‌ പോകുന്നവർക്കൊക്കെ ഈ അവസ്ഥ ഇന്നല്ലെങ്കിൽ നാളെ ഉറപ്പായിട്ടും സംഭവിച്ചിരിക്കും എന്ന വിളംബരം.- അനന്തു കുറിച്ചു.
advertisement

Also Read- എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു

കുറിപ്പിന്റെ പൂർണരൂപം

എന്റെ അച്ഛൻ കെ സുരേഷ് കുമാർ ഐ എ എസ്‌, വി എസ് അച്യുതാനന്ദൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിയായും ഐ ടി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. അതായത് സസ്പെന്ഷൻ ആവുന്നതിന് തൊട്ട് മുൻപ് ശ്രീ ശിവശങ്കരൻ വഹിച്ചിരുന്ന തസ്തികകൾ. അക്കാലത്തായിരുന്നു അച്ഛൻ മൂന്നാർ ദൗത്യ സംഘത്തിന്റെ ആദ്യത്തെ തലവനായി നിയമിക്കപെട്ടതും. കഷ്ടിച്ച് ഒരു മാസമേ അച്ഛൻ മുന്നാറിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് രാഷ്ട്രീയ-സർക്കാർ നേതൃത്വത്തിന് വേണ്ടി പക്ഷപാതിത്വത്തോടെ പ്രവർത്തിക്കണം എന്നുള്ള മുകളിൽ നിന്നുള്ള ഉത്തരവുകൾ ലഭിച്ചപ്പോൾ, അത് ചെയ്യാൻ സൗകര്യപ്പെടില്ല എന്ന് വളരെ വിനയത്തോടെ മുഖ്യമന്ത്രി വി എസിനെ അറിയിച്ച് അച്ഛൻ മൂന്നാറിൽ നിന്ന് പടിയിറങ്ങി.

advertisement

അതിന് ശേഷമിപ്പോ 15 കൊല്ലം ആകുന്നു. ഇന്നും മുന്നാറിൽ പൊളിക്കപ്പെട്ടിട്ടുള്ള വമ്പൻ ശ്രാവുകളുടെ കയ്യേറ്റങ്ങൾ ശ്രീ സുരേഷ്‌കുമാർ അന്ന് ആ ഒരു മാസം കൊണ്ട് പൊളിച്ചത് മാത്രമാണ്. ഇന്നും കയ്യേറ്റങ്ങളെ കുറിച്ച് പൊതു സമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യാനും കാരണം ഇങ്ങനെ ഒക്കെയും ഈ നാട്ടിൽ ചെയ്യാനാകും എന്ന് അവിടെ ഉണ്ടായിരുന്ന വെറും 28 ദിവസം കൊണ്ട് ശ്രീ കെ സുരേഷ്‌കുമാർ ചെയ്ത് കാണിച്ചത് കണ്ടിട്ടാണ്.

Also Read- 'ശിവശങ്കറിന്‍റെ അറസ്റ്റ് കേസിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവ്'

advertisement

പിന്നീട് കവിയൂർ കേസ്, ലോട്ടറി കേസ് മുതലായ സുപ്രധാന വിഷയങ്ങളിൽ പാർട്ടി ഇടപെട്ട് കേസുകൾ അട്ടിമറിക്കുന്നു എന്ന നിലപാടെടുത്തതിന്റെ പേരിൽ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം അച്ഛൻ സസ്പെൻഷനിൽ ആവുകയും തടഞ്ഞു വെക്കപ്പെട്ട പ്രൊമോഷനും ആനുകൂല്യങ്ങൾ വർഷങ്ങളോളം കേസ് നടത്തി പിന്നീട് നേടി എടുക്കുകയും ചെയ്തു. 3 വർഷം സർവീസ് ബാക്കി നിൽക്കെയാണ് അദ്ദേഹം വോളന്ററി റിട്ടയർമെന്റ് എടുത്തത്.

ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ മൂന്നാർ ദൗത്യം-ഓൺലൈൻ ലോട്ടറി നിരോധനം-സ്മാർട്ട് സിറ്റി കരാർ-ഫിഷറീസ്-വിദ്യാഭ്യാസ വകുപ്പുകൾ ഉൾപ്പടെ നിരവധി നിരവധി മേഖലകളിൽ ശ്രീ കെ സുരേഷ്‌കുമാറിന്റെ വ്യക്തമായ കയ്യൊപ്പ് ഒരിക്കലും മായാത്ത വിധത്തിൽ രേഖപെടുത്തിയിട്ടുള്ളതായി നിങ്ങൾക്ക് കാണാൻ സാധിക്കും. പല മുൻനിര മാധ്യമങ്ങൾ അടക്കം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ മൂന്നാർ പൊളിക്കലിന്റെ പേരിൽ സുരേഷ് കുമാർ നിയമം ലംഘിച്ചു എന്ന ഒരൊറ്റ കോടതി ഉത്തരവോ ഒരൊറ്റ രൂപ പോലും കൈയിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നിട്ടോ ഇല്ല.

advertisement

Also Read- സ്വ‍ർണക്കടത്തിലെ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

ഇപ്പോൾ അച്ഛൻ സ്വപ്‌നം കണ്ടത് പോലൊരു ഒരു സ്കൂൾ അച്ഛൻ ആരംഭിച്ചു.. അനന്തമൂർത്തി അക്കാദമി. ഒരു വലിയ അന്തർദേശിയ അംഗീകാരത്തിന്റെ വക്കിലാണ് ആ സ്കൂളിപ്പോൾ. അധികം വൈകാതെ പൊതുസമൂഹത്തെ അത് അറിയിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. ഇനി സമൂഹത്തിനോട് പറയാനുള്ളതും സമൂഹത്തിനു വേണ്ടി ചെയ്യാനുള്ളതും ഈ വളർന്ന് വരുന്ന തലമുറയിലൂടെ ശ്രീ സുരേഷ്‌കുമാർ ചെയ്യും. ലക്ഷങ്ങളുടെയോ കോടികളുടെയോ ബാങ്ക് ബാലൻസ് അച്ഛന് ഒരിക്കലും ഉണ്ടായിട്ടില്ല ഇപ്പോഴുമില്ല. ലോൺ എടുത്ത് സ്വന്തമായിട്ട് ഒരു കാർ വാങ്ങിയത് പോലും വളരെ വൈകി ആണ്. പക്ഷെ മലയാളികളുള്ള എവിടെയും ചെന്ന് എന്നെ ഒരാൾ 'ഇയാൾ കെ സുരേഷ്‌കുമാറിന്റെ മകനാണ്' എന്ന് പറഞ്ഞ് പരിചയപെടുത്തിയാൽ ഓരോ മലയാളിയിൽ നിന്നും എനിക്ക് ഇത് വരെ കിട്ടീട്ടുള്ളതും എന്റെ മരണം വരെ എനിക്ക് ഉറപ്പായിട്ട് കിട്ടുകയും ചെയ്യുന്ന ഒരു വലിയ വലിയ വലിയ സ്നേഹവും ബഹുമാനവും ഉണ്ട്. എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് അദ്ദേഹത്തിന്റെ മക്കൾക്ക് വേണ്ടി കരുതി വച്ച ഏറ്റവും വലിയ സമ്പാദ്യം.

advertisement

ജീവന് നേരെ പോലും നിരവധി ഭീഷണികൾ ഉണ്ടായപ്പോഴും കോടികളുടെ കൈക്കൂലി പ്രലോഭനങ്ങൾ ഉണ്ടായപ്പോഴും നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ മാഫിയ-രാഷ്ട്രീയ-ഗുണ്ടാ- കൊള്ള സംഘങ്ങളൊക്കെ ഒരുമിച്ച് നിന്ന് ഭീഷണികൾ മുഴക്കിയപ്പോഴും നട്ടെല്ല് വളയ്ക്കാതെ അന്തസ്സായിട്ട് ജോലി ചെയ്ത ഒരു മനുഷ്യന്റെ മകൻ എന്ന പേരിൽ എനിക്ക് കിട്ടുന്ന സ്നേഹം. ശ്രീ ശിവശങ്കരന്റെയോ ശ്രീ കോടിയേരി ബാലകൃഷ്ണന്റെയോ ശ്രീ പിണറായി വിജയന്റേയോ മക്കൾക്ക് ഈ ജന്മം സ്വപ്നം പോലും കാണാൻ സാധിക്കാത്ത ബഹുമാനം. ഈ അച്ഛന്റെ മകനായി പിറക്കാൻ സാധിച്ചതിൽ എന്നത്തേയും പോലെ ഇന്നും ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു !

ശ്രീ ശിവശങ്കരനെതിരായ ഈ കേസ് ഒരുപക്ഷെ പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം. പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ ഒരു നീതി വിളംബരമാണ്. ആ വഴിക്ക്‌ പോകുന്നവർക്കൊക്കെ ഈ അവസ്ഥ ഇന്നല്ലെങ്കിൽ നാളെ ഉറപ്പായിട്ടും സംഭവിച്ചിരിക്കും എന്ന വിളംബരം. അവസാനമായി ശ്രീ ശിവശങ്കരനെ ന്യായീകരിക്കാനായി നിയോഗിക്കപ്പെട്ട ഗതികെട്ട പാവപ്പെട്ട ന്യായീകരണ തൊഴിലാളികളോട് ഒരു അപേക്ഷ. കാപ്സ്യൂളുകൾ ഒരുപാട് വേണ്ടി വരും. എന്ന് കരുതി ഒരുപാട് എടുത്ത് വലിച്ച് വാരി കഴിച്ച് വയർ കേടാക്കരുത്. നന്ദി.. നമസ്കാരം !!!

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശിവശങ്കറിനെതിരായ കേസ് പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം; പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം': മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ കുറിപ്പ്
Open in App
Home
Video
Impact Shorts
Web Stories