“സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു- ഇപി ജയരാജൻ,” എന്ന് പറയുന്ന ഒരു ന്യൂസ്‌കാർഡ് വൈറലാവുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റേത് എന്ന പേരിലാണ് കാർഡ് വൈറലാവുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു.
വസ്തുതാ അന്വേഷണം
ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 2024 ജൂൺ 7ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കാർഡ് ഞങ്ങൾക്ക് അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.
advertisement
ഇപ്പോൾ പ്രചരിക്കുന്ന കാർഡിന്റെ പടത്തിനൊപ്പം, ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചരണം എന്ന വിവരണം കൊടുത്താണ് കാർഡ്. കൂടാതെ ഏഷ്യാനെറ്റ് ന്യൂസിനെ വെബ്‌സൈറ്റിൽ ജൂൺ 7,2024ന് കൊടുത്ത ഒരു വാർത്തയും കിട്ടി.
“ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ഫലം പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പേരില്‍ വ്യാജ പ്രചാരണം. ‘സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതില്‍ സന്തോഷം, രാജീവ് ചന്ദ്രശേഖര്‍ കൂടി ജയിച്ചിരുന്നെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാവുമായിരുന്നു എന്നും ഇ പി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് 2024 ജൂണ്‍ ആറിന് ന്യൂസ് കാര്‍ഡ് ഷെയര്‍ ചെയ്‌തതായാണ് വ്യാജ പ്രചാരണം നടക്കുന്നത്,” എന്ന് വാർത്ത പറയുന്നു.
“ഇ പി ജയരാജന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണ് എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജയരാജന്‍റെ പ്രസ്താവനയായി ഇത്തരമൊരു വാര്‍ത്ത ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്,” എന്നും വാർത്ത തുടരുന്നു.
കൂടാതെ, ഇപ്പോൾ വൈറലാവുന്ന ന്യൂസ്‌കാർഡിലെ അതെ പടമുള്ള മറ്റൊരു കാർഡും ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ജൂൺ 6ന് കിട്ടി.
“തോൽവി താത്കാലിക പ്രതിഭാസം സർക്കാരിന്റെ വിലയിരുത്തൽ അല്ല”- ഇ പി ജയരാജൻ എന്നാണ് ആ കാർഡ് പറയുന്നത്. ആ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് ഉണ്ടാക്കിയത് എന്ന് രണ്ട് ന്യൂസ്‌കാർഡുകളും പരിശോധിച്ചപ്പോൾ വ്യക്തമായി.
“ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവി താത്കാലിക പ്രതിഭാസം, സർക്കാരിന്‍റെ വിലയിരുത്തല്‍ അല്ലെന്ന് ഇപി ജയരാജന്‍,” എന്ന തലക്കെട്ടിലുള്ള ഒരു വാർത്തയും ജൂൺ 6ന് ഏഷ്യാനെറ്റ് ന്യൂസിനെ വെബ്‌സൈറ്റിൽ നിന്നും കിട്ടി.
“ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പിജയരാജന്‍ രംഗത്ത്. എൽഡിഎഫിന് നേട്ടം ഉണ്ടായില്ല. പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും. ഈ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തല്‍ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു,” എന്നാണ് വാർത്ത.
“തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ഇങ്ങനെ ആകുമരുന്നോ എന്നും ഇപി ചോദിച്ചു. അതൊന്നും ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്. തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നു. തോൽവി താത്കാലിക പ്രതിഭാസം മാത്രമാണ്,” വാർത്ത കൂട്ടിച്ചേർത്തു.
“കേരള കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി കൂടിയാലോചിച്ച് പൊതുവായ തീരുമാനം ഐക്യകണ്ഠേന എടുക്കും. മന്ത്രിസഭ പുനഃസംഘടന വലിയ പ്രശ്നമേയല്ല. പുതിയൊരു മന്ത്രി വരുമെന്നും അദ്ദേഹം വ്യക്തമാക്കി,” വാർത്ത തുടർന്ന് പറയുന്നു.
നിഗമനം
“സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു – ഇപി ജയരാജൻ,” എന്നെഴുതിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.