കായംകുളത്തുള്ള നിരവധിപേർക്ക് അബിൻ രാജ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയതായാണ് വിവരം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിന് രണ്ടുലക്ഷം രൂപയാണ് നിഖിലിൽനിന്ന് അബിൻ വാങ്ങിയത്.
നിഖിൽ പണം അബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തുള്ള ഏജൻസിയാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകാൻ ഇടനിലയായി പ്രവർത്തിച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 65000 രൂപയാണ് ഇവർക്ക് നൽകിയിരുന്നത്. അബിനുമായി സൗഹൃദമുണ്ടായിരുന്ന ചിറക്കടവത്തുള്ള ചിലരും സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതായി സൂചനയുണ്ട്.
advertisement
Also Read- വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : ഫോൺ തോട്ടിലെറിഞ്ഞെന്ന് നിഖിൽ തോമസ്; ഇന്ന് തെളിവെടുപ്പ്
തിരുവനന്തപുരത്തും അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയതായി വിവരമുണ്ട്. യൂണിവേഴ്സിറ്റി പഠന കാലയളവിലാണ് അബിൻ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമാകുന്നത്. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു അന്നത്തെ സംഘടന സഹപ്രവർത്തകരെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ മാലിയിലുള്ള അബിൻ രാജിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം നിഖിലിന്‍റെ സർട്ടിഫിക്കറ്റിൽ ഒതുക്കുമെന്നും സൂചനയുള്ളതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അബിന് പഠിച്ചിരുന്ന കാലത്തെ ബന്ധങ്ങൾ അന്വേഷിക്കുന്നത് എസ്എഫ്ഐയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം നിഖിൽ തോമസിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ഒളിവിൽ പോകുന്നതിന് മുമ്പ് മൊബൈൽ ഫോൺ കായംകുളം കരിപ്പുഴ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് നിഖിൽ പോലീസിന് നൽകിയ മൊഴി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ നിഖിൽ തോമസിനെ ശനിയാഴ്ച കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ പുലർച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.