പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിയുടെ എതിരാളിയായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27,092 വോട്ടിനായിരുന്നു തോറ്റതെങ്കിൽ 2021 ല്‍ അകലം 9044 ൽ എത്തിക്കാൻ ജെയ്ക്കിന് സാധിച്ചു. ഇതു തന്നെയാണ് സ്ഥാനാർഥി നിർണയത്തിൽ ജെയ്ക്കിന് മേൽക്കൈ കിട്ടാൻ കാരണവും. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
advertisement
Also Read- പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് മൂന്നാംതവണയും എല്‍ഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ
മണര്‍കാട് ചിറയില്‍ പരേതനായ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം 2016ല്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം സി എം എസ് കോളേജില്‍ പഠിച്ച ജെയ്ക് സി തോമസ് ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം എ പൂര്‍ത്തിയാക്കി.
തന്റെ വിവാഹ പന്തലില്‍ നേരിട്ടെത്തിയ ഉമ്മൻ ചാണ്ടി, ജെയ്ക്കിനെ ‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ലഭിച്ച മികച്ച എതിരാളി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതടക്കം ഉയർത്തിക്കാട്ടിയാണ് ഇടതുമുന്നണിയുടെ പ്രചാരണം.
അതേസമയം, മറുവശത്ത് യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജെയ്ക് സി തോമസ് എതിരാളിയായി വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ കണക്കുകൂട്ടിയതാണ്. ജെയ്ക്കിന്റെ കടന്നുവരവ് ചാണ്ടി ഉമ്മന് ഒരുതരത്തിലും വെല്ലുവിളി ഉയര്‍ത്തില്ലെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പിച്ചുപറയുന്നു.
Also Read- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം തന്നെ രാഷ്ട്രീയവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂന്നു മക്കളിൽ രണ്ടാമനാണ് ചാണ്ടി ഉമ്മൻ. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലും ലയോള സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചാണ്ടി ഉമ്മൻ നിയമത്തിലും ബിരുദം നേടി. ക്രിമിനോളജി, കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ ലോ എന്നിവയിൽ എൽഎൽഎം. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽനിന്ന് രണ്ട് സമ്മർ കോഴ്സുകളും ചെയ്തു.
കെഎസ്‍യുവിലൂടെയാണ് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശനം. അഞ്ചുവർഷം മനു അഭിഷേക് സിങ്‌വിയുടെ ജൂനിയറായി പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാനാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവ സാന്നിധ്യമായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. രാഷ്ട്രീയ പാർട്ടികളുമായി ആലോചിക്കാതെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 5ന് വോട്ടെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകള്‍ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.