2025 ഒക്ടോബർ 27-ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ 8.97 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പരിഷ്കരണത്തിന് മുൻപ് 2.78 കോടിയായിരുന്നു വോട്ടർമാരുടെ എണ്ണം. സംസ്ഥാനത്തെ 11 ജില്ലകളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ മൂന്ന് ജില്ലകളിൽ മാത്രമാണ് വർധനവുണ്ടായത്.
ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 28.47 ലക്ഷത്തിൽ നിന്ന് 25.26 ലക്ഷമായി കുറഞ്ഞു, ഏകദേശം 3.21 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
advertisement
കേരള വോട്ടർപട്ടിക: ജില്ലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ (2025 - 2026)
| ജില്ല | 2025 | 2026 | മാറ്റം (വർധനവ് / കുറവ്) |
| മലപ്പുറം | 34,13,174 | 36,15,970 | + 2,02,796 (ഏറ്റവും കൂടുതൽ വർധനവ്) |
| കണ്ണൂർ | 21,13,255 | 21,60,497 | + 47,242 |
| കാസർകോട് | 10,78,256 | 10,96,241 | + 17,985 |
| കോഴിക്കോട് | 26,58,847 | 26,57,478 | - 1,369 |
| വയനാട് | 6,41,710 | 6,40,947 | - 763 |
| പാലക്കാട് | 23,31,567 | 22,53,073 | - 78,494 |
| തൃശ്ശൂർ | 26,50,163 | 25,12,921 | - 1,37,242 |
| എറണാകുളം | 26,53,065 | 24,69,794 | - 1,83,271 |
| ഇടുക്കി | 9,00,468 | 7,99,254 | - 1,01,214 |
| കോട്ടയം | 16,11,002 | 14,98,824 | - 1,12,178 |
| ആലപ്പുഴ | 17,58,938 | 16,70,847 | - 88,091 |
| പത്തനംതിട്ട | 10,47,976 | 9,74,802 | - 73,174 |
| കൊല്ലം | 21,44,527 | 20,76,671 | - 67,856 |
| തിരുവനന്തപുരം | 28,47,907 | 25,26,325 | - 3,21,582 (ഏറ്റവും വലിയ ഇടിവ്) |
| ആകെ (Total) | 2,78,50,855 | 2,69,53,644 | - 8,97,211 |
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്. പുരുഷ വോട്ടർമാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലുള്ള കേരളത്തിലെ ഏക ജില്ലയും മലപ്പുറമാണ്. ഇവിടെ 18.10 ലക്ഷം പുരുഷന്മാരും 18.05 ലക്ഷം സ്ത്രീകളും 40 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ലയായ വയനാട്ടിൽ ആകെ 6.4 ലക്ഷം പേരാണുള്ളത്. ഇതിൽ 3.27 ലക്ഷം സ്ത്രീകളും 3.13 ലക്ഷം പുരുഷന്മാരും 2 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർമാരുടെയോ എ.ഇ.ആർ.ഒ.മാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പരിശോധനയ്ക്കായി ലഭ്യമാണ്. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ ceo.kerala.gov.in സന്ദർശിച്ച് കേരള എസ്.ഐ.ആർ ഫൈനൽ ഇലക്ടറൽ റോൾ 2026 എന്ന ലിങ്കിലൂടെയും വോട്ടർമാർക്ക് വിവരങ്ങൾ അറിയാം. വോട്ടർ ഐഡി നമ്പരോ മൊബൈൽ നമ്പരോ ഉപയോഗിച്ച് പേര് തിരയാൻ electoralsearch.eci.gov.in എന്ന പോർട്ടലും ഉപയോഗിക്കാവുന്നതാണ്.
പട്ടിക പുതുക്കിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരേ വീട്ടിലെ അംഗങ്ങളുടെ പേരുകൾ ഒരേ ക്രമത്തിൽ വരണമെന്ന നിർദ്ദേശം പലയിടത്തും നടപ്പായിട്ടില്ല. പുതിയ ബൂത്തുകൾ നിലവിൽ വന്നതോടെ മുൻപ് ഒരേ ബൂത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പല ബൂത്തുകളിലേക്ക് മാറിപ്പോയതായും പരാതിയുണ്ട്. കൂടാതെ ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് വോട്ട് മാറ്റാൻ അപേക്ഷിച്ചവരിൽ ചിലർക്ക് രണ്ടിടത്തും വോട്ട് നിലനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
