ഇതിനു മുമ്പുള്ള ബജറ്റ് പ്രസംഗങ്ങളിൽ നമുക്ക് കവിതകളും ഉദ്ധരണികളും എല്ലാം കേട്ടു പരിചയമുണ്ട്. മുൻ ധനമന്ത്രി തോമസ് ഐസക്കും അതിന് മുമ്പുണ്ടായിരുന്ന ധനമന്ത്രി കെ എം മാണിയും ഇക്കാര്യത്തിൽ ഒട്ടും പിശുക്ക് കാണിച്ചിരുന്നുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചപ്പോൾ അതിൽ 12 കവിതകൾ ആയിരുന്നു മന്ത്രി ഉൾപ്പെടുത്തിയത്.
advertisement
2021 ജനുവരി 15 ന് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ 12 കുട്ടികൾ എഴുതിയ 12 കവിതകൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, തന്റെ ബജറ്റിൽ ഉദ്ധരണികൾ ഉൾപ്പെടുത്തി ആയിരുന്നു കെ എം മാണിയുടെ ബജറ്റ് അവതരണം.
എന്നാൽ, ഈ പതിവുകൾക്കെല്ലാം വിപരീതമായിരുന്നു ഇത്തവണത്തെ കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം. അനാവശ്യമായി ഒന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. കഥയില്ല, കവിതയില്ല അനാവശ്യമായ ചമയങ്ങളില്ല, അലങ്കാരങ്ങളില്ല. പറയാനുള്ള കാര്യങ്ങളെല്ലാം നേരെയങ്ങ് പറഞ്ഞു. അത് അൽപം വേഗതയിൽ പറഞ്ഞു എന്നു വേണമെങ്കിലും വിശേഷിപ്പിക്കാം.
ഏതായാലും തന്റെ കന്നി ബജറ്റ് അവതരണം കെ എൻ ബാലഗോപാൽ 61 മിനിറ്റിൽ അവസാനിപ്പിച്ചു . കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ആയിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ബജറ്റിൽ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തമെന്ന് ബജറ്റിൽ വ്യക്തമാക്കിയ മന്ത്രി പകർച്ചവ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുമെന്നും അറിയിച്ചു.
ഇതിനായി 50 കോടി രൂപവകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും. എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കോവിഡ് വാർഡുകൾ തുടങ്ങും. ആശുപത്രികളിൽ അണുബാധ ഇല്ലാത്ത മുറികൾ. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപ അനുവദിക്കും. വാക്സിൻ, ഔഷധ കമ്പനികളുടെ ഉൽപാദന കേന്ദ്രം തുടങ്ങാൻ സൗകര്യം ഒരുക്കും. വാക്സിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 1500 കോടി രൂപ.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കോവിഡ് പാക്കേജും സാമ്പത്തിക പുനരുജ്ജീവന പാക്കേജും ധനമന്ത്രി അവതരിപ്പിച്ചു.പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവൽകരിക്കും . പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പ നൽകും. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ അനുവദിക്കും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക് നൽകും.