1. പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്നേഹയുടെ കവിതയോടെയാണ് ബജറ്റ് തുടങ്ങുന്നത്.
നേരം പുലരുകയും
സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും...
2. തിരുവനന്തപുരം മടവൂർ എൻഎസ്എസ് എച്ച്എസ്എസിലെ ആർ.എസ്. കാർത്തിക (കേരളത്തിന്റെ വിജയഗാഥയെ കുറിച്ച്)
യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
advertisement
വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും..
3. വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെ.എച്ച്. അളകനന്ദ (കേരളത്തിന്റെ ബദലിനെ കുറിച്ച്)
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു...
4. അയ്യൻ കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കനിഹ (കേരള മാതൃക)
“കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സർക്കാരുമുണ്ടുകൂടെ”
5. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസുകാരനായ എസ്.എസ്. ജാക്സൻ (കിഫ്ബിക്കെതിരായ നീക്കത്തിനെതിരെ)
എത്ര താഴ്ചകൾ കണ്ടവർ നമ്മൾ
എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ
എത്ര തീയിലമർന്നവർ നമ്മൾ
ഉയർത്തെണീക്കാനായി ജനിച്ചവർ നമ്മൾ
മരിക്കിലും തോൽക്കില്ല നമ്മൾ
6. കണ്ണൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അരുന്ധതി ജയകുമാർ (വീട്ടമ്മാരുടെ ജീവിതം)
എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവച്ച തുണികൾക്കിടയിൽ
കഴുകിയടുക്കിവച്ച പാത്രങ്ങൾക്കിടയിൽ
തുടച്ചുമിനുക്കിവച്ച മാർബിൾ തറയിൽ
7. എറണാകുളം വാളകം മാർ സെന്റ് സ്റ്റീഫൻ ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി അഞ്ജന സന്തോഷ് ( വർക്ക് ഫ്രം ഹോം)
പുറത്തേയ്ക്കു പോകണ്ട
ലാപ്ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽക്കണ്ടിരിക്കാം
8. കണ്ണൂർ പാച്ചേനി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരി ഇനാര അലി (തൊഴിലും സേവന വേതന വ്യവസ്ഥയും)
ഇരുട്ടാണു ചുറ്റിലും
മാഹാമാരി തീർത്തൊരു കൂരിരുട്ട്
കൊളുത്തണം നമുക്ക്
കരുതലിന്റെ ഒരു തിരിവെട്ടം.
9. കൊല്ലം കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒൻപതാം ക്ലാസുകാരനായ അലക്സ് റോബിൻ റോയ് (സ്വയംപര്യാപ്തത)
ഇനിയും വരും വസന്തങ്ങളും
ഇല കൊഴിയും ശിശിരങ്ങളും
ശരത്കാല വൃഷ്ടിയും പേമാരിയും
തോൽക്കാതെ ഇനിയും നാം പടപൊരുതും
മന്ദമാരുതൻ തൊട്ടുതലോടും
നെൽപ്പാടങ്ങൾ കതിരണിയും
ഒന്നിച്ചൊന്നായി മുന്നോട്ടെങ്കിൽ
എല്ലാമിനിയും തിരികെവരും
10. മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ഏഴാം ക്ലാസുകാരി ദേവനന്ദ (ആരോഗ്യവകുപ്പിനെ അഭിനന്ദിച്ച്കൊണ്ട്)
കറുത്ത മേഘങ്ങളെ തള്ളിമാറ്റി
വേദനയേറും ദിനരാത്രങ്ങൾ
തുഴഞ്ഞു നീക്കി
നഖവും കൊക്കും പതംവരുത്തി
ഉന്നതങ്ങളിൽ പറന്നുയരും
പക്ഷി ശ്രേഷ്ഠനാം ഗരുഡനെപ്പോലെ
നമുക്കുമുയരാം പുതു പ്രഭാതത്തിനായി
പറന്നു പറന്നു പറന്നുയരാം...
11. മലപ്പുറം കരിങ്കപ്പാറ ജിയുപിഎസിലെ ഏഴാംക്ലാസുകാരി അഫ്റ മറിയം (പരിസ്ഥിതി)
ഒരു മത്സ്യവും കടലിനെ
മുറിവേൽപ്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകൾ ആഴ്ത്തുന്നില്ല
ഒരു ഭാരവും ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ ചുംബിക്കുന്നത്.
എന്നിട്ടും മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്നു.
12. ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്കൂളിലെ കെ.പി.അമൽ (പ്രസംഗത്തിന്റെ അവസാനം)
മെല്ലെയെൻ സ്വപ്നങ്ങൾക്ക്
ചിറകുകൾ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി