പഠിക്കാനായി കുട്ടികൾ സംസ്ഥാനം വിട്ടു പുറത്തുപോകുന്നതിൽ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാം വളർന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈക്കുമ്പിളിലാണ്. അതുകൊണ്ടുതന്നെ വിദേശത്തു പോയി പഠിക്കാൻ അവർക്ക് താൽപര്യം ഉണ്ടാകും. അവരുടെ അഭിപ്രായങ്ങൾക്കൊപ്പം രക്ഷിതാക്കൾ നിൽക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ കൂടുതൽ മികവുറ്റതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഫലം കണ്ടുതുടങ്ങിയതിന്റെ തെളിവാണ് കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ++ ഉന്നത ഗ്രേഡെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
വിദേശ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനായി രാജ്യാന്തര ഹോസ്റ്റൽ സമുച്ചയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പാഠ്യപദ്ധതി പരിഷ്കരണം സർക്കാർ ഒരു നയമായി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.