മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിച്ചെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ ഐഎഫ്എസും റേഞ്ച് ഓഫീസര്‍ എം പത്മനാഭനും. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ ഇരുവരും നൂറിലധികം തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
2018ലെ കോഴിക്കോട് വൃക്ഷത്തൈ നടല്‍ ക്രമക്കേടിലും ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. എന്നാല്‍ രണ്ട് പേര്‍ക്കെതിരെയും നടപടിയെടുക്കാതെ വനംമന്ത്രിയുടെ ഓഫീസ് ഒത്തുകളി തുടര്‍ന്നതോടെ ഇക്കഴിഞ്ഞ മെയ് 31ന് എം പത്മനാഭന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. എന്‍ ടി സാജന്‍ ഐഎഫ്എസ് അടുത്തമാസം വിരമിക്കുന്നതുവരെയും നടപടി വേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്ന് വനംവകുപ്പ് ആസ്ഥാനത്തേക്ക് നിര്‍ദേശം ലഭിച്ചതായാണ് വിവരം. ധര്‍മ്മടം സ്വദേശിയായ എന്‍ ടി സാജനും കോഴിക്കോട് മുക്കം സ്വദേശിയായ പത്മനാഭനും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് വിവരമുണ്ട്.
advertisement
മുട്ടില്‍ കേസില്‍ ആരോപണവിധേയനായിരിക്കെ സാജന് സിസിഎഫിന്റെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും മറ്റൊരു ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ ഹര്‍ജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അത് സ്‌റ്റേ ചെയ്തിരുന്നു. മുട്ടിൽ ഈട്ടികൊള്ള കേസില്‍ കല്‍പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസറായിരുന്ന പത്മാനഭനെതിരെ രണ്ട് തവണ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
പ്രതികള്‍ക്ക് വേണ്ടി പത്മനാഭൻ ഒത്തുകളിച്ചെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ റിപ്പോർട്ട് നൽകി. വിരമിക്കുമെന്നിരിക്കെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. മുട്ടില്‍ കേസിലെ പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ.
മുട്ടില്‍ കേസിലും വൃക്ഷത്തൈ നടല്‍ ക്രമക്കേടിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് റേഞ്ച് ഓഫീസര്‍ എം പത്മനാഭന്‍. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മരംകൊള്ളയ്ക്ക് കല്‍പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ആയിരിക്കെ ഒത്താശ ചെയ്‌തെന്നാണ് ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലുള്ളത്. എം പത്മനാഭന്‍ മെയ് 31 വിരമിക്കുമെന്നിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പത്മനാഭനെതിരെ മുമ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കുന്നത്. കല്‍പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസറായിരിക്കെ 2016-2021 കാലയളവിലാണ് സംഭവം. 2021 ജനുവരി ആറിനും മെയ് 30നും ഇടയില്‍ പത്മനാഭന്‍ 130 തവണ മുട്ടില്‍ കേസിലെ പ്രതി റോജി അഗസ്റ്റിനെ വിളിച്ചെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റോജി 101 തവണ പത്മനാഭനെ തിരിച്ചുവിളിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളുമായി പത്മനാഭന്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈട്ടിത്തടികള്‍ വയനാട്ടില്‍ നിന്ന്
കടത്തികൊണ്ടുപോയിട്ടും നടപടിയെടുത്തില്ല. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന് പകരം അവര്‍ക്കൊപ്പം നിലകൊണ്ടുവെന്നും ഡി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച കുറ്റപത്രം വനംവകുപ്പ് പത്മനാഭന് കൈമാറിയെങ്കിലും നടപടി മാത്രം ഉണ്ടായില്ല.