പത്തനംതിട്ട: അടൂരിൽ സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് സ്വീകരിക്കും. പ്രതിപക്ഷ നേതാവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസിയിൽ വെച്ചാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. സിപിഐ ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് വിവരം.
advertisement
സിപിഐയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായി ഈ മാസം ആദ്യമാണ് ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചത്. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞിരുന്നു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ നേതൃത്വം സ്വീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമാണ് അവർ കുറിപ്പിൽ പറഞ്ഞിരുന്നത്.
