രാഹുൽ ഗാന്ധിയുടെ അടുത്തു വളഞ്ഞു കുനിഞ്ഞും ഒന്നും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ല എന്നായിരുന്നു ഇടുക്കി മുൻ എംപിയായ ജോയിസ് ജോർജ് പെൺകുട്ടികളോടെന്ന നിലയിൽ നടത്തിയ പരാമർശം. ഇരട്ടയാറിലെ എം എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം.മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്.
'പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ' - ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് ജോർജ് പറഞ്ഞത്.
advertisement
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ സദസിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥി ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജാപ്പനീസ് ആയോധന കലയാണ് ഐക്കിഡോ. ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് രാഹുൽ ഗാന്ധി. ഇത് പഠിപ്പിച്ചു നൽകണമെന്ന് ഒരു വിദ്യാർഥിനി ആവശ്യപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി അതിന് തയ്യാറാകുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഐക്കിഡോ പഠിപ്പിച്ച് നൽകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയു ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു അഭിഭാഷകൻ കൂടിയായ ഇടുക്കി മുൻ എംപിയുടെ മോശം പരാമർശം.
തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ജോർജ് ഈ പ്രസംഗം ലൈവ് ചെയ്യുകയും ചെയ്തിരുന്നു ജോയ്സ് ജോർജ്. ജോയ്സിന്റെ പ്രസംഗം ആസ്വദിച്ച് സ്റ്റേജിൽ ഇരിക്കുന്ന മന്ത്രി എം എം മണിയെയും ഇടതുപക്ഷ നേതാക്കളെയും വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഒരു കമന്റ് ഇങ്ങനെ, 'രാഹുൽ ഗാന്ധി ആ കുട്ടികളെ പഠിപ്പിച്ചത് നാടോടിനൃത്തമൊന്നുമല്ല, self defense ആണ്. പെൺകുട്ടികൾക്ക് ഏത് പാതിരാത്രിയിലു൦ സുരക്ഷിതമായി ഇരിക്കാനുള്ള സാഹചര്യം ഈ നാട്ടിലുണ്ടായരുന്നെങ്കിൽ അങ്ങേർക്കിതിന്റെയൊന്നു൦ ആവശ്യമുണ്ടാവില്ലാരുന്നു.
പിന്നെ മഞ്ഞപ്പിത്തം ബാധിച്ചവർ എല്ലാം മഞ്ഞയായി കാണണമെന്നത് പ്രകൃതി നിയമമാണല്ലൊ; കുറ്റ൦ പറഞ്ഞിട്ട് കാര്യമില്ല; ഇവിടെ പെണ്ണ് കെട്ടിയ കൊറേ മഹാന്മാരുടെ കാര്യ൦ കുറച്ചു ദിവസമായി കേൾക്കുന്നുണ്ട്.....ആരുടെയും കുറ്റമല്ല, സ്ത്രീയെ ആ ഒരു കണ്ണിലൂടെ മാത്രം നോക്കാൻ ശീലിച്ചതിന്റെ കുഴപ്പമാ.... സാരമില്ല നാട് നന്നാവുന്നതിന്റെ കൂടെ ഇതുപോലുള്ള നാട്ടുകാരു൦ നന്നാകുമായിരിക്കു൦.....'
എന്താണ് ഈ ഐക്കിഡോ ? രാഹുൽ ഗാന്ധി പറഞ്ഞത് എന്ത് ?
എല്ലാവരുടെയും ഉള്ളിൽ അപാരമായ ശക്തി ഉണ്ടെന്നും എല്ലാം നമ്മൾ നമുക്കു നേരെ വരുന്ന ആക്രമങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന രീതിയെയും നമ്മുടെ ഏകാഗ്രതയെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാണ് അദ്ദേഹം വിദ്യാർഥിനികളോട് പറഞ്ഞത്. എതിരാളിയുടെ ശക്തിയെ കൂടി നമുക്ക് അനുകൂലമായി പ്രയോജനപ്പെടുത്തുന്ന ഐക്കിഡോയുടെ തത്വങ്ങൾ തന്നെയാണ് താനും തന്റെ പാർട്ടിയും രാഷ്ട്രീയത്തിലും പ്രാവർത്തികമാക്കിയിട്ടുള്ളതെന്നും രാഹുൽ പറഞ്ഞു.