ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായി അറിയപ്പെടുന്ന തെന്നല ബാലകൃഷ്ണപിള്ള ഒരിക്കല്‍പോലും മത്സരത്തിലൂടെയല്ല പാര്‍ട്ടി സ്ഥാനങ്ങളിലെത്തിയത്. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ അദ്ദേഹം മികച്ച സഹകാരിയുമായിരുന്നു.
1931 മാര്‍ച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബിഎസ്‌സി നേടി. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി. ദീര്‍ഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998 ലും 2004ലും കെപിസിസി അധ്യക്ഷനുമായി.
advertisement
അടൂര്‍ മണ്ഡലത്തിൽ നിന്ന് 1977ലും 1982ലും നിയമസഭയിലെത്തി. 1967, 80, 87 വര്‍ഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സതീദേവി. മകൾ: നീത.